സുഹൃത്തിന് ഇങ്ങനെ സംഭവിച്ചതില്‍ എന്താണ് പറയാനുള്ളത്; നവാസ് ഷെരീഫിന്റെ അറസ്റ്റില്‍ മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ്

single-img
14 July 2018

ന്യൂഡല്‍ഹി: അഴിമതി കേസില്‍ ശിക്ഷിക്കപ്പെട്ട പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫ് അറസ്റ്റിലായതിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്. സുഹൃത്തിന് സംഭവിച്ചതില്‍ എന്താണ് പറയാനുള്ളതെന്നാണ് കോണ്‍ഗ്രസ് ഔദ്യോഗിക ട്വിറ്ററില്‍ ചോദിക്കുന്നത്.

ഷെരീഫ് പ്രധാനമന്ത്രിയായിരുന്നപ്പോള്‍ മോദി പാകിസ്താനിലേക്ക് നടത്തിയ അപ്രതീക്ഷിത സന്ദര്‍ശനത്തെ ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു ചോദ്യം. അദ്ദേഹത്തിന്റെ പ്രിയപ്പെട്ട സുഹൃത്ത് പ്രധാനമന്ത്രി മോദിക്ക് എന്താണ് ഇതിനെക്കുറിച്ച് പറയാനുള്ളതെന്ന് അറിഞ്ഞാല്‍ കൊള്ളാം, മോദിയും ഷെരീഫും കൈകോര്‍ത്ത് നടന്നുനീങ്ങുന്ന 2015ലെ ചിത്രത്തിനൊപ്പമുള്ള ട്വീറ്റില്‍ കോണ്‍ഗ്രസ് ചോദിക്കുന്നു.

അതിനിടെ, മോദിക്കെതിരെ വിമര്‍ശനവുമായി പാകിസ്താന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് (പി.ടി.ഐ) നേതാവും മുന്‍ ക്രിക്കറ്റ് താരവുമായ ഇമ്രാന്‍ ഖാനും രംഗത്തെത്തി. നവാസ് ഷെരീഫും ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയും ചേര്‍ന്നാണ് പാകിസ്താനിലും അതിര്‍ത്തിയിലും ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതെന്ന് ഇമ്രാന്‍ ഖാന്‍ ആരോപിച്ചു.

ഓരോ തവണ നവാസ് ഷെരീഫ് രാഷ്ട്രീയ പ്രതിസന്ധി നേരിടുമ്പോഴും അതിര്‍ത്തിയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാകുകയും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വര്‍ധിക്കുകയും ചെയ്യും. ഇത് വെറും യാദൃശ്ചികമായി സംഭവിക്കുന്നതല്ലെന്നും ഇമ്രാന്‍ ആരോപിച്ചു.