ട്വിറ്ററിൽ അണികൾ ചോർന്ന് മോദി; വ്യാജന്മാരെ പുറത്താക്കിയപ്പോൾ മോദിയെ പിന്തുടരുന്നവരുടെ എണ്ണം 2.84 ലക്ഷം കുറഞ്ഞു

single-img
14 July 2018

വ്യാജന്മാരെയും നിഷ്ക്രിയ അക്കൗണ്ടുകളെയും കെട്ടുകെട്ടിക്കാനുള്ള ട്വിറ്റർ തീരുമാനത്തിനു പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വകാര്യ അക്കൗണ്ട് പിന്തുടരുന്നവരിൽ മാത്രം 2.84 ലക്ഷം കുറവുണ്ടായി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക അക്കൗണ്ടിലാവട്ടെ, 1.40 ലക്ഷം പേരുടെ കുറവ്. ഇതോടെ, മോദിയെ പിന്തുടരുന്നവർ 4.34 കോടിയിൽനിന്നു 4.31 കോടിയായി കുറഞ്ഞു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിക്കു 17,503 പേരെ നഷ്ടമായി.

ലോകത്ത് ഏറ്റവും കൂടുതൽ പിന്തുടരുന്ന രാഷ്ട്രത്തലവനായ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ (5.3 കോടി) ഒരു ലക്ഷം പേരെയാണു ട്വിറ്റർ ഒഴിവാക്കിയത്. യുഎസ് മുൻ പ്രസിഡന്റ് ബറാക് ഒബാമയ്ക്ക് (10.4 കോടി) നാലു ലക്ഷം പേരെ നഷ്ടപ്പെട്ടു. നേരത്തേ പുറത്തുവന്ന ട്വിറ്റർ ഓഡിറ്റ് റിപ്പോർട്ടിൽത്തന്നെ പ്രമുഖരുടെ അക്കൗണ്ടിലെ വ്യാജന്മാരുടെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു.

ഇരുപതു മാസത്തിനിടെ ഏഴു കോടി അക്കൗണ്ടുകൾ ട്വിറ്റർ പൂട്ടിച്ചെന്നാണു പുറത്തുവരുന്ന വിവരം. അക്കൗണ്ടുകൾ മൊബൈൽ വെരിഫിക്കേഷൻ പൂർത്തിയാക്കണമെന്നതായിരുന്നു കടമ്പ.