രാമായണം ആര്‍എസ്എസിനും സിപിഎമ്മിനും മാത്രമായി വിട്ടുകൊടുക്കില്ലെന്ന വാശിയില്‍ കോണ്‍ഗ്രസ്; നാലു വോട്ടുകിട്ടാന്‍ ദൈവങ്ങളെ ഉപയോഗിക്കരുതെന്ന് കെ. മുരളീധരന്‍

single-img
14 July 2018

തിരുവനന്തപുരം: രാമായണ മാസാചരണം നടത്താനുള്ള കോണ്‍ഗ്രസ് നീക്കത്തിനെതിരെ പാര്‍ട്ടിയില്‍ എതിര്‍പ്പ് ശക്തമാകുന്നു. കെ.മുരളീധരന്‍ എംഎല്‍എയാണ് എതിര്‍പ്പറിയിച്ച് രംഗത്തെത്തിയത്. ബിജെപിയെ നേരിടണ്ട മാര്‍ഗം ഇതല്ലെന്ന് പറഞ്ഞ മുരളീധരന്‍ കോണ്‍ഗ്രസ് പോലൊരു മതേതര പ്രസ്ഥാനം മതപരമായ ആചാരങ്ങള്‍ നടത്തുന്നത് ശരിയല്ലെന്നും വ്യക്തമാക്കി.

രാമായണമാസം ആചരിക്കുന്നതിനു സിപിഎമ്മും ബിജെപിയും തുടക്കമിട്ടതിനു പിന്നാലെയാണു കോണ്‍ഗ്രസും രംഗത്തെത്തിയത്. ‘രാമായണം നമ്മുടേതാണ്, നാടിന്റെ നന്മയാണ്’ എന്ന പേരില്‍ കെപിസിസി വിചാര്‍ വിഭാഗിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിക്കുന്നത്.

കര്‍ക്കടക മാസം ഒന്നിന് തൈക്കാട് ഗാന്ധിഭവനില്‍ രാമായണത്തിന്റെ ‘കോണ്‍ഗ്രസ് പാരായണം’ ഉദ്ഘാടനം ചെയ്യുന്ന ചടങ്ങില്‍ ശശി തരൂര്‍ എംപിയാണു മുഖ്യപ്രഭാഷണം നടത്തുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടകനാകും. രാമായണത്തിന്റെ രാഷ്ട്രീയവും സാഹിത്യപരവുമായ പ്രാധാന്യത്തില്‍ ഊന്നിയുള്ള പരിപാടികള്‍ സംഘടിപ്പിക്കുന്നതിനാണു നീക്കം. രാമായണമാസം ആചരിക്കുന്നതിനുള്ള സിപിഎം തീരുമാനം വിവാദമായിരുന്നു. പാര്‍ട്ടിക്ക് ഇതുമായി ബന്ധമില്ലെന്നായിരുന്നു ഇക്കാര്യത്തില്‍ കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.