യു.എ.ഇയില്‍ ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കും

single-img
13 July 2018

യു.എ.ഇയില്‍ ഗതാഗതനിയമങ്ങള്‍ ലംഘിക്കുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് പൊലീസ് മുന്നറിയിപ്പ്. ഇരുപത്തിമൂന്ന് നിയമങ്ങള്‍ ലംഘിക്കുന്നവരുടെ വാഹനങ്ങളായിരിക്കും പിടിച്ചെടുക്കുന്നത്. വാഹനമോടിക്കുന്നവ്യക്തിക്ക് പിഴ, ഡ്രൈവിങ് ലൈസന്‍സില്‍ ബ്‌ളാക് മാര്‍ക്ക് എന്നിവയ്ക്ക് ശേഷമായിരിക്കും വാഹനം പിടിച്ചെടുക്കുക.

പിഴ, ബ്ലാക്ക് മാര്‍ക്ക്, വാഹനം പിടിച്ചെടുക്കുക തുടങ്ങിയ ശിക്ഷകള്‍ ലഭിക്കുന്ന 114 നിയമലംഘനങ്ങളാണ് യു.എ.ഇ ഫെഡറല്‍ ട്രാഫിക് നിയമത്തിലുള്ളത്. ഇതില്‍ 23 നിയമലംഘനങ്ങള്‍ വാഹനം പിടിച്ചെടുക്കാന്‍ കാരണമാകുന്ന കേസുകളാണെന്ന് അധികൃതര്‍ വ്യക്തമാക്കി.

ജീവനും സ്വത്തിനും ഭീഷണിയാകുന്ന വിധത്തിലും സ്വകാര്യ പൊതുമുതല്‍ നശിപ്പിക്കുന്ന ട്രാഫിക് കേസുകള്‍ക്കും തൊണ്ണൂറുദിവസം വാഹനം പിടിച്ചെടുക്കണമെന്നാണ് ട്രാഫിക് ചട്ടം. ഡ്രൈവര്‍ മദ്യപിക്കുകയോ മറ്റേതെങ്കിലും ലഹരി ഉപയോഗിച്ചതായോ തെളിഞ്ഞാല്‍ അറുപതു ദിവസത്തേക്ക് വാഹനം പിടിച്ചെടുക്കാം.

അതേസമയം, ട്രാഫിക് കേസുകളില്‍ പിടിച്ചെടുത്ത വാഹനങ്ങള്‍ ശിക്ഷാ കാലവധി കഴിഞ്ഞിട്ടും തിരിച്ചെടുക്കാതിരുന്നാല്‍ പിഴ ചുമത്തുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ചെറിയ വാഹനങ്ങള്‍ക്ക് വൈകിപ്പിക്കുന്ന ഓരോ ദിവസത്തിനും അന്‍പത് ദിര്‍ഹമാണ് പിഴ. ഹെവി വാഹനങ്ങള്‍ കൊണ്ടു പോകാതിരുന്നാല്‍ പിഴ ഒരു ദിവസത്തിനു 100 ദിര്‍ഹം ആയിരിക്കും.