എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഭാര്യയുടെ വിവാദ നിയമനം: ഹൈക്കോടതി വിശദീകരണം തേടി

single-img
13 July 2018

കണ്ണൂര്‍: എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ ഭാര്യയുടെ വിവാദ നിയമനത്തില്‍ കണ്ണൂര്‍ സര്‍വകലാശാലയോട് ഹൈക്കോടതി വിശദീകരണം തേടി. ഡോ. ബിന്ദു നല്‍കിയ ഹര്‍ജിയിലാണ് നടപടി. സ്‌കൂള്‍ ഓഫ് പെഡഗോഗിക്കല്‍ സയന്‍സിലേക്ക് നടന്ന താത്കാലിക അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവിലേയ്ക്കാണ് ഷംസീറിന്റെ ഭാര്യ ഷഹലയെ ചട്ടങ്ങള്‍ മറികടന്ന് നിയമിച്ചത്.

ഇക്കാര്യത്തിലാണ് സര്‍ക്കാരിനോടും കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയോടും വിശദീകരണം ആവശ്യപ്പെട്ടത്. ഈ വിശദീകരണം കേട്ട ശേഷമായിരിക്കും ഇക്കാര്യത്തില്‍ കോടതി അന്തിമ വിധി പുറപ്പെടുവിക്കുക. കഴിഞ്ഞ മാസം 14 ന് നടന്ന ഇന്റര്‍വ്യൂവില്‍ ഒന്നാം റാങ്ക് കിട്ടിയത് ഡോ. എം പി ബിന്ദുവിന്. എന്നാല്‍ നിയമനം ലഭിച്ചത് രണ്ടാം റാങ്കുകാരിയായ എം.എല്‍.എയുടെ ഭാര്യയ്ക്കാണ്.

ന്യൂനപക്ഷ സംവരണം പാലിക്കാനാണ് രണ്ടാം റാങ്കുകാരിക്ക് നിയമനം നല്‍കിയത് എന്നാണ് സര്‍വകലാശാല പരാതിക്കാരിക്ക് നല്‍കിയ വിശദീകരണം. എന്നാല്‍ ജൂണ്‍ എട്ടിന് ഇറക്കിയ വിജ്ഞാപനത്തില്‍ സംവരണത്തെ സംബന്ധിച്ച് യാതൊരു സൂചനയുമില്ലെന്ന് പരാതിക്കാരി പറയുന്നു.

ജനറല്‍ കാറ്റഗറിയില്‍ അസിസ്റ്റന്റ് പ്രൊഫസര്‍മാരെ വിളിച്ച വിജ്ഞാപനം ഒ.ബി.സി മുസ്ലിം എന്നാക്കി തിരുത്തിയാണ് നിയമനം നല്‍കിയതെന്നായിരുന്നു ഡോ.എം.പി. ബിന്ദുവിന്റെ പരാതിയില്‍ പറയുന്നത്. രണ്ട് പേര്‍ പങ്കെടുത്ത നിയമനത്തില്‍ ഒന്നാം റാങ്കുകാരിയായ തന്നെ ഒഴിവാക്കിയാണ് വിജ്ഞാപനം തിരുത്തിയതെന്നും ബിന്ദു ആരോപിച്ചു.