‘രാജ്യത്തെയാകെ നിരീക്ഷണ വലയത്തിനുള്ളിലാക്കുന്നതിന് തുല്യമാണ് കേന്ദ്രത്തിന്റെ നീക്കം’; സമൂഹമാധ്യമങ്ങള്‍ നിരീക്ഷിക്കാനുള്ള മോദി സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് സുപ്രീംകോടതി

single-img
13 July 2018

രാജ്യത്തെ ജനങ്ങളുടെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ നിരീക്ഷിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് സുപ്രീംകോടതി. രാജ്യത്തെയാകെ നിരീക്ഷണ വലയത്തിനുള്ളിലാക്കുന്നതിന് തുല്യമാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് ചീഫ് ജസ്റ്റീസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിരീക്ഷിച്ചു.

തൃണമൂല്‍ കോണ്‍ഗ്രസ് അംഗം മഹുവ മൊയ്ത്ര നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് കോടതി ഇക്കാര്യം വ്യക്തമാക്കിയത്. വ്യക്തികളുടെ സ്വകാര്യതയെയും മൗലികാവകാശങ്ങളെയും പൂര്‍ണമായും ഹനിക്കുന്നതാണ് ഈ നീക്കമെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

വ്യക്തികളുടെ സമൂഹ മാധ്യമങ്ങളിലെ ഇടപെടലുകള്‍ പിന്തുടരുകയും നിയന്ത്രിക്കുകയും ചെയ്യുന്നത് രാജ്യത്തെ ‘ഭരണകൂട നിരീക്ഷണ’മുള്ള (Surveillance State) രാജ്യമാക്കിത്തീര്‍ക്കുമെന്നാണ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് ചൂണ്ടിക്കാട്ടിയത്. വ്യക്തികളുടെ സ്വകാര്യത സംബന്ധിച്ച് 2017ല്‍ ഉണ്ടായ കോടതി ഉത്തരവ്, സമൂഹ മാധ്യമങ്ങളുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട വിഷയത്തില്‍ കാര്യമായ സ്വാധീനമുണ്ടാക്കുമെന്ന് കോടതി പറഞ്ഞു. ഹര്‍ജിക്കാരന്‍ ഉന്നയിച്ച വിഷയം വിശദമായി പരിശോധിക്കാമെന്ന് കോടതി വ്യക്തമാക്കി.