കുല്‍ദീപ് യാദവ് എറിഞ്ഞിട്ടു; അടിച്ചു പരത്തി രോഹിത് ശര്‍മ്മ: ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തില്‍ ഇന്ത്യയ്ക്ക് തകര്‍പ്പന്‍ വിജയം

single-img
13 July 2018

നോട്ടിങ്ങാം: ഇംഗ്ലണ്ടിനെതിരായ ഏകദിന ക്രിക്കറ്റ് പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ജയം. എട്ടുവിക്കറ്റിനാണ് ഇംഗ്ലണ്ടിനെ കീഴടക്കിയത്. 137 റണ്‍സെടുത്ത് പുറത്താകാതെനിന്ന രോഹിത് ശര്‍മയും ബൗളിങ്ങില്‍ ആറുവിക്കറ്റ് വീഴ്ത്തിയ കുല്‍ദീപ് യാദവുമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ജയത്തോടെ മൂന്നുമത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ (1-0) മുന്നിലെത്തി.

സ്‌കോര്‍: ഇംഗ്ലണ്ട് 49.5 ഓവറില്‍ 268ന് പുറത്ത്; ഇന്ത്യ 40.1 ഓവറില്‍ രണ്ടിന് 269.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് ഒരു പന്ത് ബാക്കി നില്‍ക്കെ 268 റണ്‍സിന് പുറത്തായി. ഇംഗ്ലീഷ് നിരയില്‍ ജോസ് ബട്ട്‌ലര്‍ (53), ബെന്‍ സ്റ്റോക്‌സ് (50), ജോണി ബെയര്‍‌സ്റ്റോ (38), ജാസണ്‍ റോയ് (38) എന്നിവര്‍ തിളങ്ങി. ഓപ്പണിങ് വിക്കറ്റില്‍ ബെയര്‍‌സ്റ്റോവും ജേസണ്‍ റോയിയും ചേര്‍ന്ന് 73 റണ്‍സിന്റെ കൂട്ടുകെട്ടുമായി മികച്ച തുടക്കമാണ് ഇംഗ്ലണ്ടിന് നല്‍കിയത്.

എന്നാല്‍ പിന്നീട് ഒമ്പത് റണ്‍സിനിടയില്‍ മൂന്ന് വിക്കറ്റ് നഷ്ടപ്പെടുത്തി ഇംഗ്ലണ്ട് പ്രതിസന്ധിയിലായി. 19 റണ്‍സെടുത്ത് മോര്‍ഗന്‍ കൂടി പുറത്തായതോടെ നാല് വിക്കറ്റിന് 105 റണ്‍സെന്ന നിലയിലായി ഇംഗ്ലണ്ട്. ആറുവിക്കറ്റെടുത്ത കുല്‍ദീപ് യാദവാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. കുല്‍ദീപിനുപുറമേ ഉമേഷ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി. കുല്‍ദീപിന്റെ കരിയറിലെ ആദ്യ അഞ്ചു വിക്കറ്റ് പ്രകടനമാണിത്.

ഇംഗ്ലണ്ടുയര്‍ത്തിയ 269 റണ്‍സിന്റെ ലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ഇന്ത്യക്കായി രോഹിതിനുപുറമേ ക്യാപ്റ്റന്‍ വിരാട് കോലിയും (75) തിളങ്ങി. 114 പന്തില്‍ 15 ഫോറും നാല് സിക്‌സുമടങ്ങിയതാണ് രോഹിതിന്റെ ഇന്നിങ്‌സ്. 82 പന്ത് നേരിട്ട കോലി ഏഴുഫോര്‍ നേടി. ഇവര്‍ക്കുപുറമേ ശിഖര്‍ ധവാനും (40), ലോകേഷ് രാഹുലും (9*) മികച്ച പിന്തുണ നല്‍കി.