സര്‍ക്കാര്‍ ജീവനക്കാര്‍ ഭവനവായ്പ ഇനി ബാങ്കുകളില്‍നിന്ന് നേരിട്ടെടുക്കണം

single-img
13 July 2018

സര്‍ക്കാരിന്റെ സാമ്പത്തിക ഞെരുക്കം കാരണമാണ് ജീവനക്കാര്‍ക്കുള്ള ഭവനവായ്പ ബാങ്കുകളിലേക്ക് മാറ്റിയത്. നിലവിലുള്ള ഭവനവായ്പാപദ്ധതിയില്‍ ലഭിക്കുന്ന അത്രയും തുക സര്‍ക്കാര്‍ ഈടാക്കിയിരുന്ന അതേ പലിശനിരക്കില്‍ ബാങ്കില്‍നിന്ന് ഇനി നേരിട്ടുലഭിക്കും.

ബാങ്കുകളുമായി ചര്‍ച്ച നടത്തിയാണ് ധനവകുപ്പ് പുതിയ പദ്ധതി തയ്യാറാക്കിയത്. ഇതിനുള്ള വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തി ധനവകുപ്പ് ഉത്തരവായി. ഇതോടെ ഭവനവായ്പ വേണ്ട സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി കേരളത്തിലെ ഏത് ബാങ്കിനെയും സമീപിക്കാം.

അവര്‍ക്ക് സര്‍ക്കാരിന്റെ മാനദണ്ഡപ്രകാരം അര്‍ഹമായ തുകയോ അതില്‍ കൂടുതലോ കുറവോ വായ്പയായി എടുക്കാം. ഇത് അവരും ബാങ്കും സര്‍ക്കാരിനെ അറിയിക്കണം. കാലാവധിയും നിലവിലുള്ള പദ്ധതി അനുസരിച്ചുതന്നെ. ബാങ്കിന് നല്‍കേണ്ടിവരുന്ന അധികപലിശയില്‍ ഒരുവിഹിതം ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ നല്‍കും.

വായ്പാഗഡു ജീവനക്കാരുടെ മാസശമ്പളത്തില്‍നിന്ന് സര്‍ക്കാര്‍ ഈടാക്കി ബാങ്കിന് നല്‍കും. എന്നാല്‍ കൂടുതല്‍ കാലാവധിയിലേക്ക് കൂടുതല്‍ പണം എടുത്താല്‍ അധികച്ചെലവ് ജീവനക്കാര്‍ സ്വയം വഹിക്കണം. ഇപ്പോള്‍ ഭവനവായ്പയ്ക്ക് സര്‍ക്കാരിന് നല്‍കേണ്ടിവരുന്നത് അഞ്ച് ശതമാനം പലിശയാണ്.

ബാങ്ക് വായ്പയ്ക്ക് ശരാശരി നിരക്കായി കണക്കാക്കിയിരിക്കുന്നത് എട്ടരശതമാനവും. ഇതിന്റെ വിത്യാസമായ മൂന്നരശതമാനം ജീവനക്കാര്‍ക്ക് സര്‍ക്കാര്‍ തിരിച്ചുനല്‍കും. വായ്പയുമായി ബന്ധപ്പെട്ട പ്രോസസിങ് ചാര്‍ജ് പോലുള്ള മറ്റ് ചെലവുകള്‍ ജീവനക്കാര്‍തന്നെ വഹിക്കണം.

ഈവര്‍ഷം ഇതിനകം അപേക്ഷിച്ചവര്‍ക്ക് സര്‍ക്കാര്‍തന്നെ വായ്പ നല്‍കും. ഇവര്‍ക്ക് വേണമെങ്കില്‍ ബാങ്കുകളെയും സമീപിക്കാം. ഇനിമുതല്‍ സര്‍ക്കാര്‍ അപേക്ഷ സ്വീകരിക്കില്ല.