ബന്ധുവായ സ്ത്രീയും അധ്യാപികയും പീഡിപ്പിച്ചു; ദയാവധം വേണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതിക്ക് ലൈംഗിക പീഡനത്തിന് ഇരയായ 24 വയസ്സുകാരന്റെ കത്ത്

single-img
13 July 2018

ലൈംഗിക പീഡനത്തിനിരയായ തനിക്ക് ദയാവധം അനുവദിക്കണം എന്നാവശ്യപ്പെട്ട് 24 വയസുകാരനായ യുവാവ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചു. ലൈംഗിക പീഡനത്തിന് ഇരയായി ജീവിച്ചിരിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അപമാനം താങ്ങാനാകുന്നില്ലെന്നുമാണ് കത്തില്‍. ആന്ധ്രാ പ്രദേശിലെ കുര്‍ണൂല്‍ ജില്ലക്കാരനായ യുവാവാണ് രാഷ്ട്രപതിക്ക് കത്തയച്ചത്.

ബയോടെക്‌നോളജി ബിരുദധാരി കൂടിയായ യുവാവ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍ ചന്ദ്രബാബു നായിഡുവിനും കത്തിന്റെ പകര്‍പ്പ് അയച്ചിട്ടുണ്ട്. അതിജീവിച്ചവന്റെ ജീവിതം അത്ര എളുപ്പമല്ല. അത്തരത്തിലുള്ള ഭയാനകമായ സംഭവത്തിന്റെ ഇരയായി ജീവിക്കുന്ന എന്നെ ഭൂതകാലത്തിന്റെ വേദനയില്‍ നിന്നും മുക്തമാക്കാന്‍ ദയാവധത്തിന് അനുമതി നല്‍കണമെന്ന അപേക്ഷിക്കുകയാണ്. യുവാവ് കത്തില്‍ പറയുന്നു.

എട്ടു വയസ്സുള്ളപ്പോള്‍ ബന്ധുവില്‍ നിന്നും ഹൈസ്‌കൂള്‍ കാലത്ത് അധ്യാപികയില്‍ നിന്നും താന്‍ പീഡനത്തിനിരയായെന്ന് ഇയാള്‍ രാഷ്ട്രപതിക്കയച്ച കത്തില്‍ പറയുന്നു. താന്‍ പീഡനത്തിനിരയായ വിവരം മാതാപിതാക്കളോടു പറഞ്ഞപ്പോള്‍ അവര്‍ ഞെട്ടുകയാണുണ്ടായത്, കാരണം പെണ്‍കുട്ടികളെയും സ്ത്രീകളെയും പീഡിപ്പിക്കുന്നതിനെക്കുറിച്ചു മാത്രമേ അവര്‍ കേട്ടിരുന്നുള്ളു.

പക്ഷേ അവര്‍ പരാതിപ്പെടാനും മുതിര്‍ന്നില്ല, ആണ്‍കുട്ടി ലൈംഗിക പീഡനത്തിന് ഇരയായെന്നു കേട്ടാല്‍ ആരും വിശ്വസിക്കില്ലെന്നാണ് അവര്‍ കരുതിയിരുന്നത് യുവാവ് പറയുന്നു. ‘എന്റേത് ഒരു ഒറ്റപ്പെട്ട സംഭവമല്ലെന്ന് ഞാന്‍ പിന്നീട് മനസ്സിലാക്കി, സമാനമായ സംഭവങ്ങള്‍ തുടര്‍ച്ചയായുണ്ടായി.

നിര്‍ഭാഗ്യവശാല്‍ പെണ്‍കുട്ടികള്‍ക്കെതിരെ നടക്കുന്ന പീഡനങ്ങളോളം പ്രാധാന്യത്തോടെ ഇവ കൈകാര്യം ചെയ്യുന്നില്ല. അതുകൊണ്ടാണ് ഇത്തരം ഒരു തീരുമാനം കൈക്കൊള്ളാമെന്നു തീരുമാനിച്ചത്.’ മാരകരോഗത്തിന് അടിമപ്പെടുന്നവര്‍ മാത്രം വേദനയില്ലാതെ മരിക്കണമെന്ന് ആവശ്യപ്പെട്ട് മുന്നോട്ടുവെക്കുന്ന ദയാവധം സ്വീകരിക്കാന്‍ കാരണം എന്താണെന്നു ചോദിച്ചാല്‍ ലൈംഗിക പീഡനത്തിന് ഇരയായി ജീവിക്കുന്ന ആണ്‍കുട്ടികളുടെ ആഘാതവും ഒട്ടും കുറവല്ലെന്നാണ് യുവാവ് മറുപടി നല്‍കുന്നത്.

ആത്മഹത്യ ചെയ്ത് ഒരു കുറ്റവാളിയായി ജീവിതം അവസാനിപ്പിക്കാന്‍ താന്‍ ആഗ്രഹിക്കുന്നില്ല, വേദനയില്ലാത്ത മരണമാണ് താനും ആഗ്രഹിക്കുന്നത്. സിവില്‍ എഞ്ചിനീയറായ യുവാവിന്റെ അച്ഛന്‍ അടുത്തിടെയാണ് മരിച്ചത്. കുട്ടികള്‍ക്കെതിരെയുള്ള പീഡനത്തെ ചെറുക്കാനുള്ള തന്റെ ശ്രമങ്ങള്‍ക്ക് അമ്മയുടെ പൂര്‍ണ പിന്തുണയുണ്ടെന്നും യുവാവ് വ്യക്തമാക്കി.

രാഷ്ട്രപതിയില്‍ നിന്നോ മുഖ്യമന്ത്രിയില്‍ നിന്നോ വിഷയത്തില്‍ മറുപടി ലഭിച്ചില്ലെങ്കില്‍ താന്‍ ആത്മഹത്യക്കു നിര്‍ബന്ധിതനാകുമെന്നും അത്തരത്തില്‍ സംഭവിച്ചാല്‍ മരണത്തിന് ഉത്തരവാദി സര്‍ക്കാര്‍ ആകുമെന്നും യുവാവ് കൂട്ടിച്ചേര്‍ക്കുന്നു.