World

ഇമ്രാന്‍ ഖാന് അവിഹിതബന്ധത്തില്‍ അഞ്ചു മക്കളുണ്ട്; അവരില്‍ ചിലര്‍ ഇന്ത്യയിലാണെന്നും മുന്‍ ഭാര്യ

ന്യൂഡല്‍ഹി: പാകിസ്താന്‍ മുന്‍ ക്രിക്കറ്റ് താരം ഇമ്രാന്‍ ഖാന് വിവാഹേതര ബന്ധത്തില്‍ അഞ്ചു മക്കളുണ്ടെന്ന് മുന്‍ ഭാര്യ റഹാം ഖാന്‍. ഇതില്‍ ചിലര്‍ ഇന്ത്യയിലാണുള്ളതെന്നും റഹാം ഖാന്റെ അത്മകഥയില്‍ പറയുന്നു. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘റഹാം ഖാന്‍’ എന്ന ആത്മകഥയിലെ വെളിപ്പെടുത്തലുകള്‍ വലിയ വിവാദങ്ങള്‍ക്കാണ് വഴിതുറന്നിരിക്കുന്നത്.

വിവാഹേതര ബന്ധത്തില്‍ ഇമ്രാന് അഞ്ചു മക്കളാണുള്ളത്. ഇതില്‍ ചിലര്‍ ഇന്ത്യയിലാണെന്ന് ഇമ്രാന്‍ തന്നോടു പറഞ്ഞുവെന്നാണ് റഹം പുസ്തകത്തില്‍ എഴുതിയിരിക്കുന്നത്. വിവാഹിതരായ സ്ത്രീകളിലാണ് ഇമ്രാനു കുട്ടികളുള്ളത്. കുടുംബജീവിതം തകര്‍ക്കാന്‍ താല്‍പര്യമില്ലാത്തതു കൊണ്ടാണ് ആരും വിവരം പുറത്തു പറയാത്തതെന്നും ഇമ്രാന്‍ തന്നോടു പറഞ്ഞതായി റഹം എഴുതുന്നു.

പൊതുതിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ്, പാക്കിസ്ഥാനിലെ പ്രമുഖ പ്രതിപക്ഷ നേതാവും പാക്ക് ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റനുമായ ഇമ്രാനെതിരെ ഗുരുതര ആരോപണങ്ങളുമായി മുന്‍ഭാര്യ രംഗത്തെത്തിയിരിക്കുന്നത്. 10 മാസത്തെ ദാമ്പത്യത്തെക്കുറിച്ച് വിശദമായി പറയുന്നതിനിടെയാണ് തെഹ്‌രീകെ ഇന്‍സാഫ് (പിടിഐ) നേതാവായ ഇമ്രാന്‍ ഖാനും പാക്കിസ്ഥാനിലെ രാഷ്ട്രീയ നേതാക്കള്‍ക്കും എതിരായ ആരോപണങ്ങളുള്ളത്.

ഇമ്രാന്റെ ലൈംഗിക താല്‍പര്യങ്ങളെക്കുറിച്ചും ആരോപണങ്ങളുണ്ട്. സ്വവര്‍ഗാനുരാഗിയായ ഇമ്രാന്‍ പങ്കാളികളെ തേടുന്നത് താന്‍ കണ്ടിട്ടുണ്ട്. മുറിയില്‍നിന്നു കെവൈ ജെല്ലിയും ഒഴിഞ്ഞ സിഗരറ്റ് കൂടുകളും കിട്ടിയിട്ടുണ്ട്. പരസ്ത്രീ ബന്ധങ്ങളിലും തല്‍പരനായിരുന്നു.

പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ അനേകം സ്ത്രീകളുമായി ബന്ധമുണ്ട്. ഉസ്മ കര്‍ദാര്‍ ഉള്‍പ്പെടെയുള്ളവരോടു നഗ്‌നദൃശ്യങ്ങള്‍ അയയ്ക്കാന്‍ സ്ഥിരമായി ആവശ്യപ്പെടും. തന്റെ സാമീപ്യത്തില്‍പോലും അടുത്തിരിക്കാന്‍ ഉസ്മയെ നിര്‍ബന്ധിക്കാറുമുണ്ട്.

പല സ്ത്രീകള്‍ക്കും ലൈംഗികച്ചുവയുള്ള സന്ദേശങ്ങള്‍ അയക്കാറുണ്ട്. പ്രശസ്ത ഗായിക ഗ്രേസ് ജോണ്‍സിനൊപ്പം തന്നെയും കൂട്ടി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഇമ്രാന്‍ ആഗ്രഹിച്ചിരുന്നു. പാക്ക് ക്രിക്കറ്റ് ടീംനായകനായിരുന്നപ്പോള്‍ ഇമ്രാന്റെ വലംകൈയായിരുന്ന വസിം അക്രത്തെയും റെഹം വെറുതെ വിട്ടില്ല. മരിച്ചുപോയ സ്വന്തം ഭാര്യ, കറുത്തവര്‍ഗ്ഗക്കാരനുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടുന്നതു കാണാന്‍ വസീം അക്രത്തിനു ഹരമായിരുന്നെന്നും അവര്‍ പറയുന്നു.

തന്റെ മുന്‍ ഭര്‍ത്താവിന്റെ വ്യക്തിഗതമായ വിവരങ്ങള്‍ തനിക്കോ മറ്റാര്‍ക്കെങ്കിലുമോ താല്‍പര്യമുണര്‍ത്തേണ്ട കാര്യമല്ലെങ്കിലും ചിലപ്പോള്‍ അതിന് പ്രസക്തിയുണ്ടെന്ന് റഹാം ഖാന്‍ ഒരു ഇന്ത്യന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു. ഒരു രാഷ്ട്രീയ നേതാവും ഭരണ കര്‍ത്താവുമായ വ്യക്തി എന്ന നിലയില്‍ ഇമ്രാന്‍ ഖാനെ പരിഗണിക്കുമ്പോള്‍ അയാളെ സംബന്ധിക്കുന്ന ഇത്തരം കാര്യങ്ങള്‍ പൊതുജനങ്ങളുടെ കൂടി വിഷയമായിത്തീരും. ആ നിലയ്ക്ക് ഇതൊരു വിവാഹേതര ബന്ധം മാത്രമല്ലെന്നും അതുകൊണ്ടാണ് ഇത് പുസ്തകത്തില്‍ പരാമര്‍ശ വിധേയമാകുന്നതെന്നും അവര്‍ പറയുന്നു.

തന്റെ അനുഭവങ്ങള്‍ മറ്റുള്ളവര്‍ക്ക് ഏതെങ്കിലും വിധത്തില്‍ സഹായകരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും റഹാം ഖാന്‍ പറയുന്നു. ഇമ്രാന്‍ ഖാനെ വിവാഹം കഴിച്ചത് തനിക്ക് സംഭവിച്ച പിഴവായിരുന്നെന്നും ഇത്തരം കാര്യങ്ങളില്‍ സ്ത്രീകളെ ബോധവല്‍കരിക്കുകയെന്നതുകൂടി തന്റെ പുസ്തകത്തിന്റെ ലക്ഷ്യമാണെന്നും അവര്‍ പറയുന്നു.

കഴിഞ്ഞ ഫെബ്രുവരിയിലാണ് ഇമ്രാന്‍ മൂന്നാം വിവാഹം ചെയ്തത്. അഞ്ചു മക്കളുടെ മാതാവും അധ്യാത്മിക പ്രഭാഷകയുമായ ബുഷറ മനേകയാണ് അറുപത്തിയഞ്ചുകാരനായ ഇമ്രാന്റെ മൂന്നാമത്തെ ഭാര്യ. ഇമ്രാന്റെ പാര്‍ട്ടിയെക്കുറിച്ചു ബുഷറ നടത്തിയ ചില പ്രവചനങ്ങള്‍ ഫലിച്ചതോടെ ഇരുവരും കൂടുതല്‍ അടുക്കുകയായിരുന്നു. ബ്രിട്ടനിലെ ഏറ്റവും ധനികരുടെ പട്ടികയിലുള്ള സര്‍ ജയിംസ് ഗോള്‍ഡ് സ്മിത്തിന്റെ മകള്‍ ജമീമ ഗോള്‍ഡ്‌സ്മിത്ത് ആണ് ആദ്യഭാര്യ. 1995 ല്‍ പാരിസില്‍ വിവാഹം. 2004ല്‍ വിവാഹമോചനം നേടി.