കുമ്പസാര രഹസ്യത്തിന്റെ പേരില്‍ പീഡനം: മൂന്നാം പ്രതി ഫാദര്‍ ജോണ്‍സണ്‍ അറസ്റ്റില്‍; ഒന്നാം പ്രതിയുടെ വീട്ടില്‍ പൊലീസ് പരിശോധന

single-img
13 July 2018

കുമ്പസാരരഹസ്യം പരസ്യമാക്കുമെന്ന് ഭീഷണിപ്പെടുത്തി യുവതിയെ ലൈംഗികമായി ചൂഷണം ചെയ്ത സംഭവത്തില്‍ ഒരു വൈദികന്‍ കൂടി അറസ്റ്റിലായി. കേസിലെ മൂന്നാം പ്രതി ഫാദര്‍ ജോണ്‍സണ്‍ വി മാത്യുവാണ് അറസ്റ്റിലായത്. കോഴഞ്ചേരിയിലെ ഒരു വിട്ടീല്‍ നിന്നുമാണ് ഇയാളെ പൊലീസ് പിടികൂടിയത്.

ഇയാള്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ ഹൈക്കോടതി ഇതുവരെ തീരുമാനമെടുത്തിരുന്നില്ല. ഇയാളെ തിരുവല്ലയിലെ ക്രൈംബ്രാഞ്ച് ഓഫീസിലെത്തിച്ചു. രണ്ടാം പ്രതിയായ ജോബ് കെ മാത്യുവിനെ നേരത്തെ തന്നെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

സ്ത്രീത്വത്തെ അപമാനിച്ചു എന്ന വകുപ്പാണ് ഫാദര്‍ ജോണ്‍സണ്‍ വി മാത്യുവിനെതിരെ ചുമത്തിയിരിക്കുന്നത്. കേസില്‍ മൊത്തം നാല് പ്രതികളാണ് ഉള്ളത്. ഒന്നാം പ്രതി എബ്രഹാം വര്‍ഗീസിനും നാലാം പ്രതി ജെയ്‌സ് കെ ജോര്‍ജിനേയും കണ്ടെത്താനുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ഊര്‍ജിതമാക്കിയിട്ടുണ്ട്.

കേസിലെ സാമുദായിക ഘടകം കണക്കിലെടുത്ത് ബലം പ്രയോഗിച്ചും നാടകീയവുമായുള്ള അറസ്റ്റ് വേണ്ടെന്ന നിലപാടിലാണ് ക്രൈംബ്രാഞ്ച്. എന്നാല്‍ കീഴടങ്ങല്‍ വൈകിയാല്‍ നേരിട്ടുള്ള അറസ്റ്റിലേക്ക് ക്രൈംബ്രാഞ്ച് നീങ്ങും. പ്രതികളുടെ മാനസിക സമ്മര്‍ദ്ദം കീഴടങ്ങാന്‍ നിര്‍ബന്ധിതരാക്കുമെന്ന വിലയിരുത്തലും അന്വേഷണ സംഘത്തിനുണ്ട്.

തിരുവല്ലയിലെത്തിയ അന്വേഷണ സംഘം ക്രൈംബ്രാഞ്ച് ഓഫീസില്‍ യോഗം ചേര്‍ന്നു അന്വേഷണപുരോഗതിയും തുടര്‍ നടപടികളും വിലയിരുത്തി. ഇതിനിടെ ഒന്നാം പ്രതി ഫാദര്‍ എബ്രഹാം വര്‍ഗീസിന്റെ കുന്നന്താനത്തെ വീട്ടില്‍ പൊലീസ് പരിശോധന നടത്തി. ഡിവൈഎസ്പി ജോസി ചെറിയാന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. രണ്ട് മണിക്കൂറാണ് റെയ്ഡ് നടത്തിയത്.

മലപ്പള്ളി സ്വദേശിയാണ് തന്റെ ഭാര്യയെ അഞ്ച് വൈദികര്‍ പീഡിപ്പിച്ചെന്ന് കാട്ടി സഭാ നേതൃത്വത്തിന് പരാതി നല്‍കിയത്. യുവതിയുടെ സത്യവാങ്മൂലം ഉള്‍പ്പെടെയായിരുന്നു പരാതി നല്‍കിയത്. എന്നാല്‍ ഇവര്‍ പൊലീസില്‍ പരാതി നല്‍കാന്‍ തയ്യാറായിരുന്നില്ല.

വിഎസ് അച്യുതാനന്ദന്‍ ഡിജിപിക്ക് നല്‍കിയ കത്തിന്റെ അടിസ്ഥാനത്തിലാണ് കേസില്‍ ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചത്. തുടര്‍ന്ന് ക്രൈംബ്രാഞ്ച് യുവതിയില്‍ നിന്ന് മൊഴിയെടുത്തു. പിന്നീട് യുവതി കായംകുളം മജിസ്‌ട്രേറ്റ് കോടതിയില്‍ രഹസ്യമൊഴിയും നല്‍കിയിരുന്നു.