നിപ വൈറസ്സിനെ പൊരുതി തോല്‍പ്പിച്ച നഴ്‌സിങ് വിദ്യാര്‍ഥിനി അജന്യ വീണ്ടും കോളേജിലേക്ക്

single-img
13 July 2018

നിപയെ അതിജീവിച്ച നഴ്‌സിങ് വിദ്യാര്‍ത്ഥി അജന്യ വീണ്ടും പഠനത്തിന്റെ ലോകത്തിലേക്ക്. അടുത്ത ആഴ്ച മുതലാണ് നഴ്‌സിങ് കോളേജിലെ ക്ലാസ് മുറിയിലേക്ക് നീണ്ട ഇടവേളയ്ക്ക് ശേഷം അജന്യ എത്തുക. കോഴ്‌സിന്റെ ഭാഗമായി മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴായിരുന്നു അജന്യക്ക് നിപ വൈറസ് ബാധിച്ചത്.

നിപയെ ധീരതയോടെ നേരിട്ട കോഴിക്കോട്ടെ നഴ്‌സുമാരെ പോലെ മാതൃകാപരമായി ജോലിചെയ്യണമെന്നാണ് തന്റെ ആഗ്രഹമെന്ന് അജന്യ പറഞ്ഞു. ജോലിക്കിടെ നിപ ബാധിച്ച് മരണമടഞ്ഞ ലിനിയെപ്പോലെ, നിപ രോഗത്തെ ചെറുക്കാനുള്ള നാടിന്റെ പോരാട്ടത്തിനൊപ്പം നിന്ന നൂറ് കണക്കിന് നഴ്‌സുമാരെപ്പോലെ ഞാനും ഒരു നഴ്‌സാകും, അജന്യ ധൈര്യത്തോടെ പറയുന്നു.

ഗവണ്‍മെന്റ് നഴ്‌സസ് അസോസിയേഷന്‍ സംഘടിപ്പിച്ച ലിനി അനുസ്മരണ ചടങ്ങിലാണ് അജന്യ നഴ്‌സിങ് ജോലിയില്‍ നിന്ന് പിന്നോട്ടില്ലെന്ന് പ്രഖ്യാപിച്ചത്. നിപ ബാധിച്ച ഓരോരുത്തരും മരിക്കുമ്പോള്‍ അജന്യക്കൊപ്പം തൊട്ടടുത്തുണ്ടായിരുന്നു അവളുടെ അച്ഛനും അമ്മയും. ആ ഭീതിയില്‍ നിന്ന് മകള്‍ തിരിച്ച് വന്നെന്നറിഞ്ഞ നിമിഷം മുതല്‍ അവര്‍ക്കത് പുതുയുഗമായിരുന്നു.