മുനിസിപ്പാലിറ്റിയിലെ തൂപ്പുകാരിയുടെ വിരമിക്കല്‍ ചടങ്ങിനെത്തിയവരെ കണ്ട് മേലുദ്യോഗസ്ഥര്‍ അന്തംവിട്ടു: കലക്ടര്‍, റെയില്‍വെ എഞ്ചിനിയര്‍, ഡോക്ടര്‍: മൂവരും തൂപ്പുകാരിയുടെ മക്കള്‍!; സിനിമാക്കഥയെ വെല്ലും ഇവരുടെ ജീവിതം

single-img
12 July 2018

ജാര്‍ഖണ്ഡിലെ രാജ്രപ്പ മുനിസിപ്പാലിറ്റിയിലെ തൂപ്പുകാരിയായ സുമിത്രാദേവിയുടെ വിരമിക്കല്‍ ചടങ്ങിനെത്തിയ എല്ലാവരും ഞെട്ടി. ചടങ്ങില്‍ പങ്കെടുക്കാന്‍ മൂന്നു കാറുകളിലെത്തിയവരെ കണ്ടാണ് സഹപ്രവര്‍ത്തകര്‍ ഞെട്ടിയത്. ആദ്യമെത്തിയത് നീല ബീക്കണ്‍ ലൈറ്റുള്ള ബീഹാറിലെ ജില്ലാ കലക്ടറുടെ കാറാണ്.

കാറില്‍ നിന്നിറങ്ങി മഹേന്ദ്ര കുമാര്‍ ഐഎഎസ് അമ്മ സുമിത്രാ ദേവിയുടെ കാല്‍ തൊട്ട് വണങ്ങി. മഹേന്ദ്ര കുമാര്‍ ബിഹാറിലെ സിവാന്‍ ജില്ലയിലെ കലക്ടറാണ്. തൊട്ടുപിറകെ തന്നെ രണ്ടു കാറുകളിലായി മൂത്ത മകന്‍ വീരേന്ദ്ര കുമാര്‍ റെയില്‍വേയില്‍ എഞ്ചിനിയര്‍, രണ്ടാമന്‍ ധീരേന്ദ്ര കുമാര്‍ ഡോക്ടറുമെത്തി അമ്മയെ വണങ്ങി.

തന്റെ യാത്രയയപ്പു ചടങ്ങില്‍ മക്കളെത്തിയപ്പോള്‍ സന്തോഷം കൊണ്ടും അഭിമാനം കൊണ്ടും ആ അമ്മയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. അന്നേ ദിവസം വരെ തൂപ്പുകാരിയെ പുച്ഛത്തോടെ നോക്കിയവര്‍ പിന്നീട് അവര്‍ക്കു മുന്നില്‍ ബഹുമാനവും ആദരവും കൊണ്ട് തല കുമ്പിട്ടു.

മൂന്നു മക്കളും ചടങ്ങില്‍ തങ്ങളെ പഠിപ്പിക്കാനും വളര്‍ത്താനും അമ്മ സഹിച്ച ത്യാഗങ്ങളെക്കുറിച്ചു പറഞ്ഞപ്പോള്‍ മറ്റുള്ളവരുടെ കണ്ണുകള്‍ നിറഞ്ഞു. ”ഈ ജോലിയില്‍ നിന്നു ലഭിച്ച വരുമാനം കൊണ്ടാണ് അമ്മ ഞങ്ങളെ പഠിപ്പിച്ചതും വളര്‍ത്തിയതും. അതുകൊണ്ടു തന്നെ അമ്മ ഇപ്പോഴും ഈ ജോലി ചെയ്യുന്നതില്‍ ഞങ്ങള്‍ക്ക് അഭിമാനമേയുള്ളൂ”. മഹേന്ദ്ര കുമാര്‍ പറയുന്നു.

മക്കള്‍ ഉയര്‍ന്ന പദവികളിലെത്തിയിട്ടും എന്തു കൊണ്ടു ജോലി ഉപേക്ഷിച്ചില്ല എന്നതിനു സുമിത്ര ദേവിയും ഇതു തന്നെയാണു പറയുന്നത്. ”ഈ ജോലിയില്‍ നിന്നു ലഭിച്ച വരുമാനം കൊണ്ടാണ് മൂന്നു മക്കളേയും വളര്‍ത്തിയതും പഠിപ്പിച്ചതും”. മക്കളിലുള്ള പ്രതീക്ഷകള്‍ സഫലമാക്കാന്‍ വഴിയൊരുക്കിയ ജോലിയെ തള്ളിപ്പറയാന്‍ അവര്‍ ഒരിക്കലും തയ്യാറല്ല.

അമ്മ തൂപ്പുകാരിയായി പണിയെടുത്തതില്‍ ഇത്രയും ഉയര്‍ന്ന സ്ഥാനമാനങ്ങള്‍ വഹിക്കുന്ന മക്കള്‍ക്ക് നാണക്കേടില്ല, അഭിമാനം മാത്രമേയുള്ളു. കാരണം അവര്‍ പട്ടിണിയറിയാതെ വളര്‍ന്നതും, അല്ലലറിയാതെ പഠിച്ചതും ഈ ജോലിയുടെ കരുത്തിലായിരുന്നു.
സഹപ്രവര്‍ത്തകര്‍ അവരെ പൊന്നാടയണിച്ചും ബൊക്ക നല്‍കിയും ആദരവ് പ്രകടിപ്പിച്ചപ്പോള്‍ സുമിത്ര ദേവി കരച്ചിലടക്കാന്‍ പാടുപെട്ടു.