സ്രാവുകള്‍ക്കൊപ്പം നീന്തിയ പെണ്‍കുട്ടി: കളി ഒടുവില്‍ കാര്യമായി

single-img
12 July 2018

സ്രാവുകള്‍ക്കൊപ്പം നീന്തിയ പെണ്‍കുട്ടിയെ ഒടുവില്‍ സ്രാവുകള്‍ കടിച്ചുവലിച്ച് വെള്ളത്തിനടിയിലേക്ക് കൊണ്ടുപോയി. കാലിഫോര്‍ണിയയിലെ 19 വയസുകാരിയായ നഴ്‌സിംഗ് വിദ്യാര്‍ത്ഥിനി ഭാഗ്യം കൊണ്ടുമാത്രം രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ കയ്യില്‍ കടിച്ചുവലിച്ച് വെള്ളത്തിനടിയിലേക്ക് കൊണ്ടു പോകാന്‍ ശ്രമിക്കുന്നതും വീഡിയോയില്‍ കാണാം.

കാതറിനാ എല്ലേ സാരോസ്‌കി തന്റെ സുഹൃത്തിന്റെ കുടുംബവുമൊന്നിച്ച് ബാഹമാസിലെ സ്റ്റാനിയല്‍ കേ ദ്വീപില്‍ അവധിക്കാലം ആസ്വദിക്കാനെത്തിയതായിരുന്നു. ഫോട്ടോ ഷൂട്ടിന് വേണ്ടി സ്രാവുകളുമൊന്നിച്ച് കളിക്കാന്‍ തുടങ്ങിയപ്പോഴാണ് പണി കിട്ടിയത്. സുഹൃത്തിന്റെ അച്ഛന്‍ ദൃശ്യങ്ങള്‍ പകര്‍ത്തി ഇന്‍സ്റ്റഗ്രാമിലിട്ടതോടെ വൈറലായി.

അക്രമകാരികളായ നഴ്‌സ് ഷാര്‍ക്ക് ഇനത്തില്‍പ്പട്ട സ്രാവുകളായിരുന്നു അവ.’ നഴ്‌സ് ഷാര്‍ക്ക് കടിക്കും സൂക്ഷിക്കുക’ എന്ന ബോര്‍ഡ് അവിടെയുണ്ടായിരുന്നെങ്കിലും കാതറിന അത് ശ്രദ്ധിച്ചില്ല. അഞ്ച് അടിയിലേറെ നീളമുള്ള സ്രാവുകളാണ് തന്നെ വെള്ളത്തിനടിയിലേക്ക് വലിച്ചുകൊണ്ടു പോയതെന്ന് കാതറീന ഞെട്ടലോടെ പറഞ്ഞു.

‘ഏതാനും സെക്കന്‍ഡുകള്‍ പൂര്‍ണ്ണമായും വെള്ളത്തിനടിയിലായി. സര്‍വ്വശക്തിയും ഉപയോഗിച്ച് ഒടുവില്‍ പൊങ്ങിവന്നു’ കാതറീന പറയുന്നു.