പിഡിപിയില്‍ പിളര്‍പ്പുണ്ടാക്കി ജമ്മു കാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി നീക്കം

single-img
12 July 2018

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ സര്‍ക്കാരുണ്ടാക്കാനുള്ള നീക്കങ്ങള്‍ ബിജെപി ശക്തമാക്കി. പിഡിപിയിലെ ഒരു വിഭാഗത്തിന്റെ പിന്തുണയോടെ സര്‍ക്കാരുണ്ടാക്കാനാണ് ബിജെപി നീക്കം. സര്‍ക്കാര്‍ രൂപീകരിക്കാനായി മുതിര്‍ന്ന ബിജെപി നേതാവും മെഹബൂബ മുഫ്തി മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രിയുമായിരുന്ന നിര്‍മല്‍ സിങ്ങുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചര്‍ച്ച നടത്തി.

ഇന്നലെ വൈകുന്നേരമാണ് ഇരുവരും ചര്‍ച്ച നടത്തിയത്. ഈ ചര്‍ച്ചയ്ക്കു മുമ്പ് കാശ്മീരിന്റെ ചുമതല വഹിക്കുന്ന പാര്‍ട്ടി ജനറല്‍ സെക്രട്ടറി രാം മാധവിനെ മോദി കണ്ടിരുന്നു. മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിനെതിരെ പിഡിപിയില്‍ വിമത സ്വരങ്ങള്‍ ഉയരുന്ന സാഹചര്യത്തിലാണ് ബിജെപി നീക്കമെന്നത് ശ്രദ്ധേയമാണ്.

പിഡിപി എംഎല്‍എ ആബിദ് അന്‍സാരി മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്ത് വന്നിരുന്നു. തങ്ങള്‍ക്ക് ബിജെപിയുമായി ചേര്‍ന്ന് സര്‍ക്കാര്‍ രൂപീകരിക്കാന്‍ താത്പര്യപ്പെടുന്നതായി ആബിദ് പറഞ്ഞിരുന്നു. തനിക്ക് ഒരു ഡസനിലധികം എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നാണ് ആബിദിന്റെ അവകാശവാദം.

ഈ സീസണിലെ അമര്‍നാഥ് യാത്ര അവസാനിച്ച് കഴിഞ്ഞാല്‍ സുപ്രധാന പ്രഖ്യാപനമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 87 അംഗ സഭയില്‍ 44 പേരുടെ പിന്തുണയാണ് ഭൂരിപക്ഷത്തിന് വേണ്ടത്. ബിജെപിക്ക് സഭയിലുള്ളത് 25 പേരാണ്. അപ്പോഴും എണ്ണം തികയ്ക്കാന്‍ 19 പേരുടെ പിന്തുണ കൂടി വേണം. പീപ്പിള്‍സ് കോണ്‍ഫറന്‍സിന്റെ രണ്ട് പേര്‍ പിന്തുണച്ചേക്കാം. അപ്പോഴും 17 പേര്‍ കൂടി വേണം. പിഡിപിയില്‍ ഒരു പിളര്‍പ്പുണ്ടായി 17 പേരെ ഒപ്പമെത്തിക്കാമെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.