കൊച്ചി, ഹൈദരാബാദ് വിമാനങ്ങള്‍ നേര്‍ക്കുനേര്‍: വന്‍ ദുരന്തത്തില്‍ നിന്ന് രക്ഷപ്പെട്ടത് അത്ഭുതകരമായി; 330 പേര്‍ക്ക് പുതുജീവന്‍

single-img
12 July 2018

മുംബയ്: ബംഗളൂരു വ്യോമപാതയില്‍ ഇന്‍ഡിഗോ വിമാനങ്ങള്‍ കൂട്ടിയിടിയില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടു. കോയമ്പത്തൂരില്‍ നിന്ന് ഹൈദരാബാദിലേക്ക് പോയ വിമാനവും ബംഗളൂരൂവില്‍ നിന്ന് കൊച്ചിയിലേക്ക് പോയ വിമാനവുമാണ് അപകടത്തില്‍ നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ടത്.

ഇരു വിമാനങ്ങളും തമ്മില്‍ 200 മീറ്റര്‍ ദൂരത്തില്‍ മുഖാമുഖം വരികയായിരുന്നു. വന്‍ ദുരന്തം മുന്നില്‍ക്കണ്ട ടിസിഎഎസ് അധികൃതര്‍ അതിവേഗ മുന്നറിയിപ്പ് സന്ദേശം ഇരുപൈലറ്റുമാര്‍ക്കും കൈമാറുകയായിരുന്നു. ഇരുവിമാനങ്ങളും നാലു മൈല്‍ അകലത്തില്‍ പറക്കുമ്പോള്‍ തന്നെ ടിസിഎ അധികൃതര്‍ പൈലറ്റുമാരെ വിവരം അറിയിച്ചിരുന്നു.

ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്കുള്ളതും കോയമ്പത്തൂരില്‍ നിന്ന് ഹൈദരാബാദിലേക്കുള്ളതും എയര്‍ബസ് എ–320 എസ് വിമാനങ്ങളായിരുന്നു. ഹൈദരാബാദിലേക്കുള്ള വിമാനത്തില്‍ 162 പേരും കൊച്ചി വിമാനത്തില്‍ 166 പേരുമാണ് ഉണ്ടായിരുന്നത്. ജൂലൈ പത്തിനാണ് സംഭവം.

എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ (എഎഐബി) സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.
എന്നാല്‍ വ്യോമയാന നിയമങ്ങളൊന്നും ലംഘിച്ചിട്ടില്ലെന്നാണ് ഇന്‍ഡിഗോ അധികൃതര്‍ പറഞ്ഞത്. ആഴ്ചകള്‍ക്ക് മുന്‍പ് ഗുവാഹാത്തിയിലും ഇന്‍ഡിഗോ വിമാനങ്ങള്‍ നേര്‍ക്കുനേര്‍ വന്നിരുന്നു. അന്ന് വിമാനം പെട്ടെന്ന് തിരിച്ചുവിടേണ്ടി വന്നതോടെ യാത്രക്കാരില്‍ ചിലര്‍ക്ക് നേരിയ പരുക്കേറ്റിരുന്നു. കഴിഞ്ഞ മേയില്‍ ചെന്നൈയിലും ഇന്‍ഡിഗോ വിമാനവും വ്യോമസേന വിമാനവും നേര്‍ക്കുനേര്‍ വന്നിരുന്നു.