സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും എലിപ്പനി പടരുന്നു; ജാഗ്രതാ നിര്‍ദേശവുമായി ആരോഗ്യ വകുപ്പ്

single-img
12 July 2018

മഴ കനത്തതോടെ സംസ്ഥാനത്തിന്റെ പല ഭാഗങ്ങളിലും എലിപ്പനി റിപ്പോര്‍ട്ട് ചെയ്തുതുടങ്ങി. രോഗം പടരുന്നതിനാല്‍ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി ആരോഗ്യവകുപ്പ് അധികൃതര്‍ രംഗത്തെത്തി. പനി ബാധിച്ചു ചികിത്സ തേടുന്നവര്‍ക്കെല്ലാം എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ നല്‍കണമെന്ന് ആശുപത്രികള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആഴ്ചയില്‍ രണ്ടു ഗുളികയാണു കഴിക്കേണ്ടത്.

രോഗം പകരുന്നത് എങ്ങനെ?

എലിമൂത്രം, എലിപ്പനിയുള്ള മൃഗങ്ങള്‍ എന്നിവ വഴിയാണു രോഗം പകരുക. എലിമൂത്രം കലര്‍ന്ന വെള്ളം ശരീരത്തിലെത്തിയാലും രോഗം ബാധിക്കും. വെളളത്തില്‍ ജോലിയെടുക്കുന്നവരില്‍ ചര്‍മത്തില്‍ ഉണ്ടാകുന്ന മാര്‍ദവവും ബാക്ടീരിയകള്‍ക്ക് ഉള്ളില്‍ കയറാന്‍ സാധ്യതയൊരുക്കും.

കുളിക്കുന്ന വെള്ളത്തില്‍ എലിമൂത്രം കലര്‍ന്നിട്ടുണ്ടെങ്കില്‍ കണ്ണിലൂടെയും അവ ശരീരത്തിലെത്തും. എലിമൂത്രം കലര്‍ന്ന വെള്ളത്തിലൂടെ വളര്‍ത്തുമൃഗങ്ങളുടെ ശരീരത്തിലും ബാക്ടീരിയകള്‍ കയറിപ്പറ്റും. ഇവയുടെ ശരീരത്തില്‍ നിന്നുള്ള മൂത്രം, സ്രവങ്ങള്‍ എന്നിവ വഴിയാണു രോഗാണുക്കള്‍ ഭൂമിയിലെത്തുക.

ശരീരത്തില്‍ മുറിവുള്ളവര്‍ മലിനജല സമ്പര്‍ക്കം ഒഴിവാക്കണം. നേരത്തേ കണ്ടെത്തിയാല്‍ രോഗം ചികിത്സിച്ചു മാറ്റാം. വൃക്ക, ഹൃദയം, ശ്വാസകോശം, നാഡീ ഞരമ്പ് തുടങ്ങിയ അവയവങ്ങളെയാണു രോഗം ബാധിക്കുക. എലിപ്പനിക്കു കാരണമായ ലെപ്‌റ്റോ സ്‌പൈറോസിസ് ബാക്ടീരിയ ശരീരത്തില്‍ പ്രവേശിച്ചു 68 ദിവസത്തിനുള്ളില്‍ ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെടും.

ലക്ഷണങ്ങള്‍

കടുത്ത പനി, കഠിനമായ തലവേദന, കണ്ണിനു ചുവപ്പ്, തൊലിപ്പുറത്ത് ചുവന്ന തടിപ്പ്, ത്വക്കിനടിയില്‍ രക്തം പൊടിയുക, വെളിച്ചത്തിലേക്കു നോക്കാന്‍ പ്രയാസം എന്നിവയാണു ലക്ഷണങ്ങള്‍. ചില രോഗികളില്‍ നെഞ്ചുവേദന, വരണ്ട ചുമ, തുപ്പലില്‍ രക്തം തുടങ്ങിയ ലക്ഷണങ്ങളും കണ്ടേക്കാം.

പ്രതിരോധ മാര്‍ഗങ്ങള്‍

കെട്ടിക്കിടക്കുന്നതും കലങ്ങിയതുമായ വെള്ളത്തിലെ കുളി ഒഴിവാക്കുക.

ഓടകള്‍, കുളങ്ങള്‍, വെള്ളക്കെട്ടുകള്‍ എന്നിവയില്‍ കയ്യുറ, കാലുറ എന്നിവ ധരിക്കാതെ ഇറങ്ങരുത്.

ലക്ഷണങ്ങള്‍ കണ്ടാല്‍ സ്വയം ചികിത്സയ്ക്കു മുതിരാതെ വിദഗ്ദ ചിക്ത്‌സയ്ക്കു വിധേയമാകണം.