ഇംഗ്ലണ്ടിനെ വീഴ്ത്തി ക്രൊയേഷ്യ ചരിത്രത്തിലാദ്യമായി ലോകകപ്പ് ഫൈനലിൽ

single-img
12 July 2018

ക്രൊയേഷ്യ ആദ്യമായി ലോകകപ്പിന്റെ ഫൈനലില്‍ പ്രവേശിച്ചു. 1966ലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് ഫിഫ റാങ്കിങ്ങില്‍ ഇരുപതാം സ്ഥാനക്കാരായ ക്രൊയേഷ്യയുടെ ചരിത്രനേട്ടം. ഞായറാഴ്ച കലാശപോരാട്ടത്തില്‍ ഫ്രാന്‍സിനെ നേരിടും.

ആദ്യപകുതിയിൽ കീറൻ ട്രിപ്പിയർ (5–ാം മിനിറ്റ്) നേടിയ ഗോളിൽ മുന്നിൽക്കയറിയ ഇംഗ്ലണ്ടിനെ രണ്ടാം പകുതിയിൽ ഇവാൻ പെരിസിച്ചും (68), എക്സ്ട്രാ ടൈമിൽ മരിയോ മാൻസൂക്കിച്ചും (109) നേടിയ ഗോളുകളിലാണ് ക്രൊയേഷ്യ മറികടന്നത്.

1998ലെ മൂന്നാം സ്ഥാനമായിരുന്ന ക്രൊയേഷ്യയുടെ ഇതുവരെയുള്ള ഏറ്റവും വലിയ നേട്ടം. ഇതിനുശേഷം ഗ്രൂപ്പ് റൗണ്ടിനപ്പുറത്തെത്താന്‍ കഴിയാതിരുന്നവരാണ് ഇംഗ്ലണ്ടിനെ മലര്‍ത്തിയടിച്ച് ഫൈനലിൽ ത്തിയത്. ഇതോടെ ലോകകപ്പ് ഫൈനല്‍ കളിക്കുന്ന ഏറ്റവും കുറഞ്ഞ ഫിഫ റാങ്കിങ്ങുള്ള ടീമായിരിക്കുകയാണ് ക്രൊയേഷ്യ.

ഇംഗ്ലീഷ് പ്രതിരോധ നിരയുടെ അശ്രദ്ധയിലൂടെയാണ് മാന്‍സൂക്കിച്ച് ക്രൊയേഷ്യക്കായി വിജയഗോള്‍ നേടികൊടുത്തത്. ബോക്സിലേക്ക് ഉയര്‍ന്നുവന്ന പന്ത് ബോക്സിനുള്ളില്‍ലേക്ക് തന്നെ ഉയര്‍ത്തിയടിച്ച് ഇംഗ്ലീഷ് പ്രതിരോധ താരങ്ങള്‍ അലസതകാട്ടിയപ്പോള്‍ ആ പന്ത് അവസാനമെത്തിയത് മന്‍സൂക്കിച്ചിന്റെ കാലിലായിരുന്നു.

സ്റ്റോണ്‍സിനേയും മറികടന്ന് പിക്ക്ഫോര്‍ഡിന് അവസരം നല്‍കാതെ മന്‍സൂക്കിച്ച് വല ചലിപ്പിച്ചു. നിശ്ചിത സമയത്ത് ഇരുടീമുകളും ഒപ്പത്തിനൊപ്പം നീങ്ങിയതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് കടന്നത്.