ദിവ്യ എസ് അയ്യര്‍ക്ക് തെറ്റുപറ്റിയെന്ന് കളക്ടര്‍; ഭൂമി സര്‍ക്കാര്‍ തിരിച്ചെടുക്കും

single-img
12 July 2018

തിരുവനന്തപുരം: വര്‍ക്കലയില്‍ സ്വകാര്യ വ്യക്തി കയ്യേറിയ ഭൂമി തിരിച്ചെടുക്കാന്‍ സര്‍ക്കാര്‍ തീരുമാനം. തിരുവനന്തപുരം മുന്‍ സബ് കളക്ടറും ശബരീനാഥ് എം.എല്‍.എയുടെ ഭാര്യയുമായ ദിവ്യ എസ്. അയ്യര്‍ സ്വകാര്യ വ്യക്തിക്ക് കൈമാറിയത് സര്‍ക്കാര്‍ ഭൂമി തന്നെയെന്ന് കളക്ടര്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയിരുന്നു.

ഈ സാഹചര്യത്തിലാണ് ഭൂമി തിരിച്ചു പിടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഭൂമി ഏറ്റെടുക്കുന്നതിന് സര്‍വ്വേ തുടങ്ങാന്‍ റവന്യു ഉദ്യോഗസ്ഥര്‍ക്ക് കളക്ടര്‍ ഡോ. വാസുകി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 27 സെന്റ് ഭൂമി സ്വകാര്യ വ്യക്തിയ്ക്ക് കൈമാറിയത് നേരത്തെ വന്‍വിവാദമായിരുന്നു.

വര്‍ക്കല എംഎല്‍എ വി ജോയി ആണ് പരാതിയുമായി റവന്യൂമന്ത്രിയെ സമീപിച്ചത്. ചട്ടങ്ങള്‍ കാറ്റില്‍പ്പറത്തിയാണ് കോടികളുടെ സര്‍ക്കാര്‍ ഭൂമി ഭര്‍ത്താവ് ശബരിനാഥന്റെ കുടുംബസുഹൃത്തുകൂടിയായ കോണ്‍ഗ്രസ് പ്രാദേശിക നേതാവിന് പതിച്ചുനല്‍കിയെന്നായിരുന്നു ആരോപണം.

വര്‍ക്കല താലൂക്കില്‍ അയിരൂര്‍ വില്ലേജിലെ (ഇലകമണ്‍ പഞ്ചായത്ത്) വില്ലിക്കടവ് എന്ന സ്ഥലത്ത്, വര്‍ക്കലപാരിപ്പള്ളി സംസ്ഥാന പാതയോട് ചേര്‍ന്ന് സ്വകാര്യവ്യക്തിയില്‍ നിന്നും തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഏറ്റെടുത്ത റവന്യു പുറമ്പോക്ക് ഭൂമിയാണ് കൈവശക്കാരന് വിട്ടുകൊടുത്തുകൊണ്ട് സബ്കളക്ടര്‍ ദിവ്യ എസ് അയ്യര്‍ ഉത്തരവിറക്കിയത്.

സ്വകാര്യവ്യക്തി അനധികൃതമായി കൈവശം വച്ച, 27 സെന്റ് പുറമ്പോക്ക് ഭൂമി 2017 ജൂലൈ 19 നാണ് വര്‍ക്കല തഹസില്‍ദാരുടെ നേതൃത്വത്തില്‍ ഒഴിപ്പിച്ചെടുത്തത്. വര്‍ഷങ്ങളായി കൈവശം വച്ചിരുന്ന ഈ ഭൂമി ഏറ്റെടുക്കണമെന്ന് ഗ്രാമപഞ്ചായത്ത് ഭരണസമിതിയും വിവിധ സന്നദ്ധസംഘടനകളും സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

ഇതിന്റെ അടിസ്ഥാനത്തിലാണ് റവന്യു അധികൃതര്‍ ഭൂമി സര്‍ക്കാരിലേയ്ക്ക് ഏറ്റെടുത്തത്. ഒഴിപ്പിച്ചെടുത്ത ഭൂമി അയിരൂര്‍ പൊലീസ് സ്റ്റേഷന്റെ പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനായി നിര്‍ദ്ദേശിക്കപ്പെടുകയും ചെയ്തിരുന്നു. ഒഴിപ്പിക്കല്‍ നടപടിക്കെതിരെ ഭൂമി കൈവശം വച്ചിരുന്ന സ്വകാര്യവ്യക്തി ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ ഉചിതമായ തീരുമാനം സബ്കളക്ടര്‍ കൈക്കൊള്ളണമെന്ന നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ സബ്കളക്ടര്‍ കയ്യേറ്റ കക്ഷിക്ക് നോട്ടീസ് നല്‍കി വിളിപ്പിക്കുകയും അവരുടെ ഭാഗം മാത്രം കേള്‍ക്കുകയും ഭൂമി ഏറ്റെടുത്ത നടപടി റദ്ദാക്കി സ്വകാര്യവ്യക്തിക്ക് അനുകൂലമായ ഉത്തരവ് നല്‍കുകയും ചെയ്യുകയായിരുന്നു.

ഭൂമി ഏറ്റെടുക്കലിന് നേതൃത്വം നല്‍കിയ റവന്യു ഉദ്യോഗസ്ഥരുടെ ഭാഗം കേള്‍ക്കാതെയാണ് സബ് കളക്ടര്‍ തീരുമാനമെടുത്തതെന്നും ആക്ഷേപമുണ്ടായിരുന്നു. തുടര്‍ന്ന് മന്ത്രി ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ കളക്ടറോട് അന്വേഷണം നടത്താന്‍ നിര്‍ദേശിച്ചു. പരാതിക്കാരിയെയും സബ്കളക്ടറെയും കേട്ട ശേഷമാണ് കളക്ടര്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സംഭവത്തെ തുടര്‍ന്ന് ദിവ്യ എസ് അയ്യരെ സബ്കളക്ടര്‍ സ്ഥാനത്ത് നിന്ന് നീക്കിയിരുന്നു.