‘300 ഏകദിനങ്ങള്‍ കളിച്ചവനാ ഞാന്‍; എനിക്ക് ഭ്രാന്തെന്നാണോ വിചാരം’: കുല്‍ദീപ് യാദവിനോട് പൊട്ടിത്തെറിച്ച് ധോണി

single-img
12 July 2018

ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ എം.എസ്.ധോണിയെ പൊതുവേ കൂളായിട്ടാണ് മല്‍സരങ്ങളില്‍ കാണാറുളളത്. എന്നാല്‍ ചില സന്ദര്‍ഭങ്ങളില്‍ ധോണി അത്ര കൂളല്ലെന്ന് താരങ്ങള്‍ പറഞ്ഞിട്ടുണ്ട്. അത്തരത്തില്‍ ക്യാപ്റ്റന്‍ കൂളിന്റെ നിയന്ത്രണം നഷ്ടപ്പെട്ടുപോയ സംഭവത്തെക്കുറിച്ച് ഓര്‍ക്കുകയാണ് ഇന്ത്യയുടെ ചൈനാമാന്‍ സ്പിന്നര്‍ കുല്‍ദീപ് യാദവ്.

കഴിഞ്ഞ വര്‍ഷം നടന്ന ഇന്ത്യ-ശ്രീലങ്ക ട്വന്റി-20 മത്സരത്തിനിടയിലാണ് സംഭവം. വിരാട് കോഹ്‌ലിയുടെ അഭാവത്തില്‍ രോഹിത് ശര്‍മ്മയാണ് നായകന്‍. ഇന്ത്യ ഉയര്‍ത്തിയ 260 റണ്‍സ് പിന്തുടരാനിറങ്ങിയ ശീലങ്കന്‍ ബാറ്റ്‌സ്മാന്‍മാര്‍ തകര്‍പ്പന്‍ അടി പുറത്തെടുത്ത് ഇന്ത്യയെ സമ്മര്‍ദത്തിലാക്കുന്ന സമയം.

തന്ത്രങ്ങള്‍ മെയ്യാന്‍ രോഹിതിനൊപ്പം സാക്ഷാല്‍ ധോണി. തന്റെ നാലാമത്തെ ഓവര്‍ എറിയാന്‍ എത്തിയതായിരുന്നു കുല്‍ദീപ്. ബാറ്റ്‌സ്മാന്‍ ബൗണ്ടറി നേടിയപ്പോള്‍ ധോണി കുല്‍ദീപിനു സമീപമെത്തി നല്‍കിയ നിര്‍ദേശം ചെവികൊളളാന്‍ കുല്‍ദീപ് തയ്യാറായില്ല.

ബോള്‍ ചെയ്യാനെത്തിയപ്പോള്‍ ഫീല്‍ഡിങ്ങില്‍ ധോണി നടത്തിയ മാറ്റങ്ങളും കുല്‍ദീപിന് ഇഷ്ടമായിരുന്നില്ല. തന്നെ അനുസരിക്കാന്‍ വിമുഖത കാട്ടിയ കുല്‍ദീപിനോട് ധോണി പൊട്ടിത്തെറിച്ചു. 300 മത്സരങ്ങള്‍ ഞാന്‍ കളിച്ചിട്ടുണ്ട്, എനിക്കെന്താ ഭ്രാന്താണെന്നാണോ വിചാരം?’ ധോണി ക്ഷുഭിതനായി.

പെട്ടന്നു തന്നെ കുല്‍ദീപ് ധോണി പറഞ്ഞതുപോലെ അനുസരിച്ചു. ഇതിനുപിന്നാലെ ഒരു വിക്കറ്റ് നേടുകയും ചെയ്തു. അത് കഴിഞ്ഞ് കുല്‍ദീപിന് അടുത്തെത്തിയ ധോണി ഇങ്ങനെ പറഞ്ഞു, ‘ഇതാണ് ഞാന്‍ പറഞ്ഞത് എന്ന്. മത്സരത്തില്‍ 52 റണ്‍സ് വഴങ്ങിയ കുല്‍ദീപ് മൂന്ന് വിക്കറ്റ് വീഴ്ത്തുകയും ചെയ്തിരുന്നു. ഈഡന്‍ ഗാര്‍ഡനില്‍ 2017 ല്‍ ഹാട്രിക് നേടാന്‍ തനിക്ക് തുണയായത് ധോണിയുടെ ഉപദേശമാണെന്ന് കുല്‍ദീപ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.