അറ്റ്‌ലസ് രാമചന്ദ്രന്‍ വീണ്ടും സ്വര്‍ണവ്യാപാരരംഗത്തേക്ക്

single-img
12 July 2018

ദുബായ്: മൂന്ന് വര്‍ഷത്തെ ജയില്‍ ജീവിതത്തിന് ശേഷം മോചിതനായ അറ്റ്‌ലസ് രാമചന്ദ്രന്‍ വീണ്ടും സ്വര്‍ണവ്യാപാര രംഗത്തേക്ക് കൂടുതല്‍ ശക്തമായി തിരിച്ചുവരാനൊരുങ്ങുന്നു. ഏതാനും ബാങ്കുകളുമായുള്ള വായ്പ ഇടപാടുകള്‍ തീര്‍ക്കാനും സമാന്തരമായി ദുബായില്‍ ഒരു ഷോറൂം തുറന്ന് കൊണ്ട് വ്യാപാര രംഗത്ത് സജീവമാകാനുമാണ് രാമചന്ദ്രന്റെ ശ്രമം.

മൂന്ന് മാസത്തിനകം ദുബായില്‍ പുതിയ ഷോറൂം തുറക്കും. രാമചന്ദ്രനുമായി ചേര്‍ന്ന് അറ്റ്‌ലസ് എന്ന ബ്രാന്‍ഡില്‍ പണം നിക്ഷേപിക്കാന്‍ ഇന്ത്യയില്‍ നിന്നും യു.എ.ഇയില്‍ നിന്നും ഒട്ടേറെ പേര്‍ സന്നദ്ധത പ്രകടിപ്പിച്ചതായാണ് സൂചന. പുതിയതായി ദുബായിലൊരു ഷോറൂം തുടങ്ങാന്‍ മൂന്നുകോടി ദിര്‍ഹത്തോളം സമാഹരിക്കേണ്ടിവരും.

സൗദി അറേബ്യ, കുവൈത്ത് എന്നിവിടങ്ങളിലെ ഷോറൂമുകള്‍ സാമാന്യം നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. മസ്‌കറ്റിലെ ഷോറൂമും തുടരും. ഇന്ത്യയില്‍ അറ്റ്‌ലസ് ജൂവലറി എന്നപേരില്‍ പ്രവര്‍ത്തിക്കുന്ന കമ്പനി വിജയകരമായി മുന്നോട്ടുപോകുന്നുണ്ട്. ബെംഗളൂരുവിലെ ഷോറൂമില്‍ നല്ല വില്‍പ്പനയുണ്ട്.

മഹാരാഷ്ട്രയിലെ താനെയിലും ഷോറൂമുണ്ട്. ”പണമിടപാടുസംബന്ധിച്ച് ഇപ്പോള്‍ ക്രിമിനല്‍ക്കേസുകളൊന്നും നിലവിലില്ല. എന്നാല്‍, ബാങ്കുകളുടെ കുടിശ്ശികയുണ്ട്. ചര്‍ച്ചകളിലൂടെ അവശേഷിക്കുന്നത് കൊടുത്തുതീര്‍ക്കുകതന്നെ ചെയ്യും. അല്ലാതെ ഇവിടെനിന്ന് വിട്ടുപോകാനുള്ള ഉദ്ദേശ്യമില്ല. 1991ല്‍ എട്ടുകിലോ സ്വര്‍ണവുമായി തുടങ്ങിയ ജൂവലറി ബിസിനസ്സ് 2014ല്‍ നാല്‍പ്പതുഷോറൂമുകളായി വളര്‍ന്നിരുന്നു. ആ ആത്മവിശ്വാസം ഇപ്പോഴുമുണ്ട്” അറ്റ്‌ലസ് രാമചന്ദ്രന്‍ പറയുന്നു.