അഭിമന്യു വധക്കേസ്: രണ്ടു പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ കൂടി പിടിയില്‍

single-img
12 July 2018

മഹാരാജാസ് കോളേജ് വിദ്യാര്‍ത്ഥി അഭിമന്യു വധക്കേസില്‍ രണ്ട് പേര്‍ കൂടി പോലീസ് പിടിയിലായി. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരായ ഷിറാസ് സലീം, ഷാജഹാന്‍ എന്നിവരാണ് പിടിയിലായത്. ഇരുവരും ആലപ്പുഴ സ്വദേശികളാണ്. ഇവര്‍ക്ക് അഭിമന്യുവിന്റെ കൊലപാതകത്തെ കുറിച്ച് അറിവുണ്ടായിരുന്നെന്ന് പോലീസ് വ്യക്തമാക്കി.

ഇവര്‍ കുറ്റകൃത്യങ്ങള്‍ നടപ്പാക്കുന്നതിന്റെയും കായിക പരിശീലനത്തിന്റെയും പ്രധാന ചുമതലക്കാരാണെന്നു പൊലീസ് പറയുന്നു. ജില്ലാ പൊലീസ് ഓഫിസില്‍ ഇവരെ ചോദ്യം ചെയ്യുകയാണ്. കേസിലെ മുഖ്യപ്രതിയും ക്യാംപസ് ഫ്രണ്ട് ജില്ലാ പ്രസിഡന്റുമായ മുഹമ്മദിന്റെ അയല്‍വാസികളാണ് പിടിയിലായവര്‍.

ഇവരുടെ വീടുകളിലും സ്ഥാപനങ്ങളിലും പൊലീസ് നടത്തിയ പരിശോധനയില്‍ സിഡികള്‍, ലാപ്‌ടോപ്പുകള്‍, ലഘുലേഖകള്‍ എന്നിവ കണ്ടെത്തിയിട്ടുണ്ട്. ഇവയില്‍ പ്രകോപനപരമായ ഉള്ളടക്കമുണ്ടെന്നു പൊലീസ് അറിയിച്ചു. അഭിമന്യു കൊല്ലപ്പെട്ടിട്ട് ഇന്നേക്ക് പതിനാല് ദിവസം പിന്നിടുകയാണ്.

സംഭവത്തിലെ പ്രധാന പ്രതികളെ ഇനിയും പിടികൂടാന്‍ സാധിച്ചിട്ടില്ല. അഭിമന്യുവിന്റെ അച്ഛന്‍ ഉള്‍പ്പടെയുള്ളവര്‍ ഇതിനെതിരെ രംഗത്തെത്തിയിരുന്നു. എല്ലാ പ്രതികളെയും പോലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരില്‍ മൂന്ന് പേര്‍ രാജ്യം വിട്ടോ എന്ന് സംശയമുണ്ട്. കൂടുതല്‍ അറസ്റ്റ് വരുംദിവസങ്ങളില്‍ ഉണ്ടാവുമെന്നാണ് അന്വേഷണ സംഘം നല്‍കുന്ന സൂചന.