താജ്മഹല്‍ ഒന്നുകില്‍ സംരക്ഷിക്കൂ; അല്ലെങ്കില്‍ പൊളിക്കൂ; കേന്ദ്രത്തിനെതിരെ പൊട്ടിത്തെറിച്ച് സുപ്രീംകോടതി

single-img
11 July 2018

ന്യൂഡല്‍ഹി: ലോകാത്ഭുതങ്ങളില്‍ ഒന്നായ ആഗ്രയിലെ താജ് മഹലിനോടുള്ള കേന്ദ്രസര്‍ക്കാറിന്റെ അവഗണനക്കെതിരെ രൂക്ഷവിമര്‍ശനവുമായി സുപ്രീംകോടതി. ഒന്നുകില്‍ ഈ സ്മാരകം അടച്ചു പൂട്ടുകയോ അല്ലെങ്കില്‍ പൊളിച്ചുനീക്കുകയോ സംരക്ഷിക്കുകയോ ചെയ്യണമെന്ന് കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.

ചരിത്ര സ്മാരകത്തിന്റെ അറ്റകുറ്റപണി സമയബന്ധിതമായി നിര്‍വഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച ഹരജിയിലാണ് കേന്ദ്രസര്‍ക്കാറിനെ സുപ്രീംകോടതി രൂക്ഷമായി വിമര്‍ശിച്ചത്. താജ്മഹലിനെ മലിനപ്പെടുത്തുന്ന കേന്ദ്രങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക കമ്മിറ്റിയെ നിയോഗിക്കണമെന്നും കോടതി ഉത്തരവിട്ടു.

താജ്മഹലിനെ എങ്ങനെ സംരക്ഷിക്കാമെന്ന് നിര്‍ദേശിക്കണമെന്നും കമ്മിറ്റിയോട് കോടതി ആവശ്യപ്പെട്ടു. ഈഫല്‍ ടവറിനെക്കാള്‍ മനോഹരമാണ് താജ്മഹല്‍ എന്നും കോടതി നിരീക്ഷിച്ചു. യുറോപ്പിലെ വിനോദസഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ് ഈഫല്‍ ടവര്‍.

നിരവധി പേരാണ് ഈഫല്‍ ടവര്‍ കാണാന്‍ എത്തുന്നത്. എന്നാല്‍ നമ്മുടെ താജ് മഹല്‍ അതിനേക്കാള്‍ മനോഹരമാണ്. മികച്ച രീതിയില്‍ പരിപാലിച്ചാല്‍ വിദേശ നാണ്യം വര്‍ധിപ്പിക്കാന്‍ സര്‍ക്കാരിന് സാധിക്കുമെന്നും കോടതി നിരീക്ഷിച്ചു. സര്‍ക്കാരന്റെ ഉദാസീനതകൊണ്ട് രാജ്യത്തിന് എത്രമാത്രം നഷ്ടമാണ് സംഭവിക്കുന്നതെന്ന് മനസിലാക്കിയിട്ടുണ്ടോയെന്നും കോടതി ചോദിച്ചു.