‘സ്വവര്‍ഗരതി’യില്‍ നിലപാടില്ലാതെ കേന്ദ്ര സര്‍ക്കാര്‍; സുപ്രീംകോടതിക്ക് തീരുമാനിക്കാമെന്ന് കേന്ദ്രം

single-img
11 July 2018

സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റം ആക്കുന്ന ഇന്ത്യന്‍ ശിക്ഷ നിയമത്തിലെ 377ാം വകുപ്പ് ചോദ്യം ചെയ്തു നല്‍കിയ ഹര്‍ജികള്‍ എതിര്‍ക്കില്ല എന്ന് കേന്ദ്ര സര്‍ക്കാര്‍. കോടതിക്ക് ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനം എടുക്കാം. സ്വവര്‍ഗരതി കുറ്റകരമാക്കുന്ന 377–ാം വകുപ്പ് ഭരണഘടനാ വിരുദ്ധമാണെന്നു സുപ്രീംകോടതി പറഞ്ഞാല്‍ അതില്‍ കൈക്കടത്തില്ലെന്നും സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കി.

377ാം വകുപ്പിന്റെ ഭരണഘടനാ സാധുതയില്‍ കൂടുതലായി എന്തെങ്കിലും തീരുമാനം കോടതി കൈക്കൊണ്ടാല്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കുമെന്ന് അഡീഷനല്‍ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത ബോധിപ്പിച്ചു. നേരത്തേ, സ്വവര്‍ഗതി നിയമവിധേയമാക്കിയാല്‍ ഇടപെടുമെന്നു കേന്ദ്രം വ്യക്തമാക്കിയിരുന്നു.

എന്നാല്‍ ഇതു സംബന്ധിച്ച ഹര്‍ജി ഭരണഘടനാ ബെഞ്ചിലെത്തിയപ്പോഴാണു കേന്ദ്രത്തിന്റെ ചുവടുമാറ്റം. അതേസമയം, സ്വവര്‍ഗരതി നിയേമവിധേയമാക്കിയേക്കുമെന്നു സൂചിപ്പിച്ചു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര പരാമര്‍ശം നടത്തി. സ്വകാര്യത, ഭരണഘടനാവകാശമായ രാജ്യത്തു നിയമത്തെ താഴ്ത്തിക്കെട്ടാന്‍ സാധിക്കുകയില്ലെന്നു കോടതി വ്യക്തമാക്കി.

377–ാം വകുപ്പു ഭരണഘടനാ വിരുദ്ധമാണോയെന്നു മാത്രമാണു പരിശോധിക്കുന്നതെന്നും കോടതി പറഞ്ഞു. ലൈംഗികത സംബന്ധിച്ച മൗലികാവകാശം നിഷേധിക്കുന്നതാണ് 377–ാം വകുപ്പെന്നും റദ്ദാക്കണമെന്നും ആവശ്യപ്പെട്ടു നര്‍ത്തകന്‍ എന്‍.എസ്.ജോഹര്‍, പാചകവിദഗ്ധ റിതു ഡാല്‍മിയ, മാധ്യമപ്രവര്‍ത്തകന്‍ സുനില്‍ മെഹ്‌റ തുടങ്ങിയവരുടെ ഹര്‍ജികളാണു പരിഗണിക്കുന്നത്.

അതേസമയം ഇഷ്ടമുള്ള പങ്കാളിയെ തിരഞ്ഞെടുക്കാന്‍ വ്യക്തികള്‍ക്ക് അധികാരമുണ്ടെന്ന ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ പരാമര്‍ശത്തോട് ചില വിയോജിപ്പുകള്‍ ഉണ്ടെന്ന് കേന്ദ്രം പറഞ്ഞു. ഇതിന്റെ പേരില്‍ സ്വന്തം സഹോദരിയെ വിവാഹം കഴിക്കാന്‍ ആകില്ല. വ്യഭിചാരവും പാടില്ല.

ലൈംഗിക വൈകൃതങ്ങള്‍ അല്ല കോടതിയുടെ പരിഗണനാ വിഷയമെന്നും സ്വവര്‍ഗ പങ്കാളികളെ പൊലീസ് അറസ്റ്റ് ചെയ്യാതിരിക്കാനാണ് ഇടപെടല്‍ എന്നും ജസ്റ്റിസ് ചന്ദ്രചൂഡ് മറുപടി നല്‍കി. അതേസമയം കേന്ദ്ര നിലപാട് പരിഗണിച്ചാണ് സ്വവര്‍ഗ രതി ക്രിമിനല്‍ കുറ്റമല്ലാതാക്കി വിധി പ്രസ്താവിക്കുമെന്ന് കോടതി സൂചിപ്പിച്ചത്.