Featured

നീന്തി, നടന്നു, നിരങ്ങിയിറങ്ങി…അങ്ങനെ ദുരിതപര്‍വം താണ്ടി അവസാന കുട്ടിയേയും രക്ഷിച്ച് ‘ആ ഹീറോ’ ഗുഹയ്ക്ക് പുറത്തിറങ്ങിയപ്പോള്‍ കേട്ടത് അച്ഛന്റെ മരണവാര്‍ത്ത

തായ്‌ലന്‍ഡിലെ തുലാങ് ഗുഹയിലെ സാഹസിക രക്ഷാപ്രവര്‍ത്തനത്തിന് ചുക്കാന്‍ പിടിച്ച ഡോ. റിച്ചാര്‍ഡ് ഹാരിസിനെ കാത്തിരുന്നത് അച്ഛന്റെ മരണവാര്‍ത്ത. കുട്ടികളെ മോചിപ്പിച്ചതിന് ഏതാനും മിനിറ്റുകള്‍ക്ക് ശേഷമായിരുന്നു ഹാരിസിന്റെ അച്ഛന്റെ മരണം.

പതിമൂന്നുപേരെയും ഒരു പോറലുപോലും ഏല്‍ക്കാതെ പുറത്തെത്തിച്ചശേഷം തുലാങ് ഗുഹയില്‍ നിന്ന് ഏറ്റവും ഒടുവില്‍ പുറത്തെത്തിയത് ഓസ്‌ട്രേലിയക്കാരനായ ഡോ. റിച്ചാര്‍ഡ് ഹാരിസായിരുന്നു. അതും ഫുട്‌ബോള്‍ പരിശീലകനും പുറത്തെത്തി മണിക്കൂറുകള്‍ക്ക് ശേഷം.

ദിവസങ്ങള്‍ നീണ്ട സാഹസികദൗത്യത്തിന്റെ ആഹ്ലാദം പ്രകടിപ്പിക്കാന്‍പോലും ആകും മുന്‍പ് അച്ഛന്റെ മരണവാര്‍ത്ത ഡോ. ഹാരിസിനെ തേടിയെത്തി. അവധി ഉപേക്ഷിച്ച് രക്ഷാദൗത്യത്തിന് എത്തിയതായിരുന്നു അദ്ദേഹം. ഗുഹയിലെ രക്ഷാപ്രവര്‍ത്തനം സംബന്ധിച്ച് ആശയക്കുഴപ്പം നീങ്ങിയത് ഡോ. ഹാരിസ് സംഘത്തില്‍ചേര്‍ന്നതോടെയാണ്.

കുട്ടികളെയും പരിശീലകനെയും പരിശോധിച്ച് പുറത്തെത്തിക്കാനുള്ള ക്രമം നിശ്ചയിച്ചതും അദ്ദേഹം തന്നെയാണ്. രക്ഷാപ്രവര്‍ത്തനത്തിനെത്തിയ ബ്രിട്ടീഷ് സംഘമാണ് അനസ്‌ത്യേഷ വിദഗ്ധന്‍ കൂടിയായ ഡോ. ഹാരിസിന്റെ സേവനം അനിവാര്യമാണെന്ന് ആദ്യം അറിയിച്ചത്.

വിളിച്ചയുടനെ അദ്ദേഹവും ഡൈവിങ് പങ്കാളി ക്രേഗ് ചെല്ലനും 20 രക്ഷാപ്രവര്‍ത്തകരും അടങ്ങിയ സംഘം ചിയാങ് റായിലെത്തുകയായിരുന്നു. ദക്ഷിണ ഓസ്‌ട്രേലിയയില് ടാങ്ക് ഗുഹയില്‍ കുടുങ്ങി മരിച്ച സാഹസിക ഡ്രൈവര്‍ ആഗ്‌നസ് മിലൗക്കയുടെ മൃതദേഹം കണ്ടെത്തി പുറത്തെത്തിച്ചതോടെയാണ് ഹാരിസ് ശ്രദ്ധേയനായത്.

അസാധാരണമായ സേവനം കാഴ്ചവെച്ച ഹാരിസിനെയും സംഘത്തെയും ആദരിക്കുമെന്നും ഇപ്പോള്‍ അദ്ദേഹത്തിന്റെ സ്വകാര്യതയെ മാനിക്കുകയാണെന്നും ഓസ്‌ട്രേലിയന്‍ വിദേശകാര്യമന്ത്രി ജൂലി ബിഷപ്പ് അറിയിച്ചു.

അതേസമയം ലുവാങ് നാം ഗുഹയില്‍ പെട്ട പന്ത്രണ്ട് ഫുട്‌ബോള്‍ ടീം അംഗങ്ങളേയും കോച്ചിനേയും പുറത്തെത്തിച്ച ചരിത്രദൗത്യത്തിന്റെ ഭാഗമായവരില്‍ ഇന്ത്യന്‍ സംഘവും ഉണ്ട്. പുണെ ആസ്ഥാനമായുള്ള വാട്ടര്‍ പമ്പ് കമ്പനിയായ കിര്‍ലോസ്‌കറാണ് ഗുഹയില്‍ നിന്നും വെള്ളം പമ്പ് ചെയ്ത് പുറത്ത് കളയാനായി തങ്ങളുടെ സാങ്കേതിക വിദഗ്ധരെ അയച്ചത്.

തായി ഇന്ത്യന്‍ എംബസിയുടെ നിര്‍ദേശ പ്രകാരം കമ്പനിയുടെ ഇന്ത്യ, തായ്‌ലന്‍ഡ്, യു.കെ എന്നിവിടങ്ങളിലുള്ളവരാണ് സഹായത്തിനായി എത്തിയത്. മഹാരാഷ്ട്രയിലെ കിര്‍ലോസ്‌കര്‍ വാടി പ്ലാന്റില്‍ നിന്നുള്ള അതിനൂതനമായ മോട്ടോര്‍ പമ്പുകളും വിമാനമാര്‍ഗം വഴി തായി ഗുഹയിലേക്കെത്തിച്ചിരുന്നുവെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു. ചൊവ്വാഴ്ചയാണ് മുഴുവന്‍ പേരെയും പുറത്തെത്തിച്ച് ദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ചത്.

അതേസമയം, തായ്‌ലന്റിലെ ഗുഹയ്ക്കുള്ളില്‍ കുടുങ്ങിയ കോച്ചും കുട്ടികളും ഉള്‍പ്പെടെയുള്ള പതിമൂന്നുപേരുടെ ആത്മധൈര്യവും പ്രതീക്ഷയോടെയുള്ള കാത്തിരിപ്പുമൊക്കെ ഇനി സിനിമയിലും കാണാം. ലോകം കണ്ട വലിയ രക്ഷാദൗത്യങ്ങളില്‍ ഒന്നിന്റെ ചൂടും ചൂരും നഷ് ടപ്പെടാതെ ഒപ്പിയെടുക്കാനുള്ള തീവ്രശ്രമത്തിലായിരുന്നു ഹോളിവുഡില്‍ നിന്നുള്ള സിനിമാ പ്രവര്‍ത്തകര്‍.

ഗുഹയ്ക്കുള്ളിലെ ഇരുട്ടും വഴിയടച്ചു കിടക്കുന്ന വെള്ളവുമൊക്കെ ഭീതിതമാക്കിയ കണ്ണുകളായിരുന്നില്ല ആ കുട്ടികളുടേത്, കോച്ച് പകര്‍ന്ന മനോധൈര്യത്തില്‍ ശുഭാപ്തി വിശ്വാസത്തോടെയാണവര്‍ പതിനെട്ടു ദിനം കഴിച്ചു കൂട്ടിയത്. ഈറനണിഞ്ഞ കണ്ണുകളോടെ കണ്ട ആ കാഴ്ച്ചകളെ സിനിമയാക്കാന്‍ ഇനിയും വൈകിക്കൂടെന്ന ചിന്തയാണ് ഹോളിവുഡിലെ പല നിര്‍മാതാക്കള്‍ക്കും. സര്‍വ സന്നാഹങ്ങളോടെ സ്ഥലത്തെത്തി യഥാര്‍ഥ സംഭവ സ്ഥലം തന്നെ പകര്‍ത്തിയിരിക്കുകയാണവര്‍.

അമേരിക്കയില്‍ നിന്നുള്ള രണ്ടു നിര്‍മാതാക്കള്‍ ഇതിനകം തന്നെ സംഭവത്തെ ആസ്പദമാക്കി സിനിമ നിര്‍മിക്കാന്‍ ഒരുങ്ങുകയാണെന്നാണ് വിവരം. പ്യുവര്‍ ഫ്‌ലിക്‌സ് ഫിലിംസ് മാനേജിങ് പാര്‍ട്ട്‌നര്‍ മിഖായേല്‍ സ്‌കോട്ടും സഹനിര്‍മാതാവ് ആദം സ്മിത്തും സംഭവ സ്ഥലത്തെത്തി അഭിമുഖങ്ങളും മറ്റും നടത്തുന്നുണ്ട്. തിരക്കഥാകൃത്തിനെ കണ്ടെത്തിയതിനുശേഷം രക്ഷാപ്രവര്‍ത്തനത്തില്‍ ഉള്‍പ്പെട്ടവരെയും രക്ഷപ്പെട്ടവരെയും കുടുംബത്തെയുമൊക്കെ അഭിമുഖം ചെയ്ത് എക്‌സ്‌ക്ലൂസീവ് സ്റ്റോറികള്‍ കണ്ടെത്താനുള്ള ശ്രമത്തിലാണവര്‍.

ഇത്തരം ഒരു ഘട്ടത്തില്‍ സ്‌കോട്ടും സ്മിത്തും ചെയ്യുന്നത് മനുഷ്യത്വപരമല്ലെന്നു പറയുന്നവരോട് ഇരുവര്‍ക്കും പറയാനുള്ളത് ഇതാണ്, ” മറ്റു പ്രൊഡക്ഷന്‍ കമ്പനികള്‍ രംഗത്തെത്താനുള്ള സാധ്യത കൂടുതലാണ്, അപ്പോള്‍ ഞങ്ങള്‍ക്കു പെട്ടെന്നു തീരുമാനം എടുത്തേ തീരൂ. അത്ഭുതകരമായൊരു സംഭവമാണിത്, ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് ഇതൊരു പ്രചോദനമാകുമെന്ന് ഞങ്ങള്‍ കരുതുന്നു”. 2019 അവസാനത്തോടെ സിനിമയുടെ പ്രൊഡക്ഷന്‍ സംബന്ധിച്ചുള്ള കാര്യങ്ങള്‍ നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്‌കോട്ട് പറയുന്നു.

17 ദിവസത്തെ ആശങ്കയ്ക്കും മൂന്നു ദിവസത്തെ അതിസാഹസികമായ രക്ഷാ ദൗത്യത്തിനുമൊടുവിലാണ് 12 കുട്ടികളും കോച്ചും സുരക്ഷിതരാണെന്ന് തായ് നേവി സീല്‍ യൂണിറ്റ് സ്ഥിരീകരിച്ചത്. രക്ഷപ്പെട്ട കുട്ടികളെല്ലാം ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ വ്യക്തമാക്കി.