സംസ്ഥാനത്ത് കനത്തമഴ തുടരുന്നു; രണ്ടുപേര്‍ മരിച്ചു; മലപ്പുറത്തെ സ്‌കൂളുകള്‍ക്ക് നാളെ അവധി

single-img
11 July 2018

സംസ്ഥാനത്ത് കനത്തമഴ തുടരുന്നു. 24 മണിക്കൂറിനിടെ ഏറ്റവും കൂടുതല്‍ മഴകിട്ടിയത് വൈത്തിരിയിലാണ്. വെള്ളിയാഴ്ചവരെ മഴ ശക്തമായി തുടരും, ഒറ്റപ്പെട്ട തീവ്രമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. കാലവര്‍ഷക്കെടുതിയില്‍ മലപ്പുറത്തും തിരുവനന്തപുരത്തുമായി രണ്ടുപേര്‍ മരിച്ചു.

മലപ്പുറത്ത് വൈദ്യുതാഘാതമേറ്റാണ് യുവാവ് മരിച്ചത്. വളാഞ്ചേരി വെട്ടിച്ചിറ ദേശീയപാതയില്‍ പരസ്യബോര്‍ഡ് സ്ഥാപിക്കുന്നതിനിടെയാണ് ആലപ്പുഴ മാന്നാര്‍ സ്വദേശി മാങ്ങാട്ട് അനില്‍കുമാര്‍ മരിച്ചത്. അതേസമയം തിരുവനന്തപുരത്ത് പുതുക്കുറുച്ചിയില്‍ കടലില്‍ വള്ളംമറിഞ്ഞ് മല്‍സ്യത്തൊഴിലാളിയായ പുതുക്കുറുച്ചി സ്വദേശി സൈറസ് അടിമയാണ് മരിച്ചത്.

ശക്തമായ തിരയടിയെ തുടര്‍ന്ന് മറിഞ്ഞ വള്ളം തലയ്ക്കടിച്ചാണ് സൈറസ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന നാല് പേരെ രക്ഷപ്പെടുത്തി. വയനാട്ടിലും ആലപ്പുഴയിലും ദുരിതാശ്വാസക്യാംപുകള്‍ തുറന്നു. ഇടുക്കിയില്‍ ഉരുള്‍പ്പൊട്ടി വന്‍തോതില്‍ കൃഷിനശിച്ചു.

വയനാട് ജില്ലയില്‍ ഏഴുനൂറിലധികം പേരാണ് 18 ദുരിതാശ്വാസ ക്യാംപുകളിലായി അഭയം തേടിയിരിക്കുന്നത്. തിരുനെല്ല ആക്കൊല്ലി കോളനിയിലെ കുടുംബങ്ങളെ മണ്ണിടിച്ചില്‍ ഭീഷണിയെ തുടര്‍ന്ന് മാറ്റി. മാനന്തവാടി പാല്‍ചുരത്തിന്റെ രണ്ടാംവളവില്‍ റോഡിന് വിള്ളല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ജാഗ്രത നിര്‍ദേശം നല്‍കി.

അതേസമയം കനത്ത മഴ തുടരുന്നതിനാല്‍ മലപ്പുറം ജില്ലയിലെ പ്രഫഷണല്‍ കോളേജുകള്‍ ഒഴികെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വ്യാഴാഴ്ച ജില്ലാ കളക്ടര്‍ അവധി പ്രഖ്യാപിച്ചു. ഇതിന് പകരം മറ്റൊരു ദിവസം പ്രവൃത്തി ദിനമായിരിക്കും.