കളമശേരിയിലെ പ്രീത ഷാജിയുടെ വീടിന്റെ ജപ്തി: ഇത് വെള്ളരിക്കാപ്പട്ടണമല്ലെന്ന് സര്‍ക്കാരിനോട് ഹൈക്കോടതി

single-img
11 July 2018

വായ്പക്കായി ജാമ്യം നിന്നത് വഴി ജപ്തി ഭീഷണി നേരിടുന്ന ഇടപ്പള്ളി പത്തടിപ്പാലം മാനാത്തുപാടത്ത് പ്രീതാ ഷാജിയുടെ കേസില്‍ മൂന്നാഴ്ചക്കുള്ളില്‍ പ്രശ്‌നപരിഹാരം നിര്‍ദേശിക്കണമെന്ന് ഹൈക്കോടതി. ഇക്കാര്യം വ്യക്തമാക്കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാറിനോട് കോടതി നിര്‍ദേശിച്ചു.

കോടതി ഉത്തരവ് നടപ്പാക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടാല്‍ നിയമ സംവിധാനം തകരുമെന്ന് കോടതി നിരീക്ഷിച്ചു. ഇന്ത്യ ഒരു റിപ്പബ്ലിക് രാജ്യമാണെന്ന് ഓര്‍മ വേണം. അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ മുന്‍കരുതല്‍ സ്വീകരിക്കണം. നിയമപരമായ പരിഹാരം സാധ്യമല്ലെങ്കില്‍ സര്‍ക്കാരിന് വീട്ടമ്മയെ പുനരധിവസിപ്പിക്കാമെന്നും കോടതി അഭിപ്രായപ്പെട്ടു.

സാമൂഹിക പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്ന വിഷയമായതില്‍ ഉത്തരവ് നടപ്പാക്കാന്‍ സാവകാശം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു. അസാധാരണ വിഷയമാണിതെന്നും കോടതിക്കു കണ്ണടയ്ക്കാനാവില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റെ ആശങ്കകള്‍ മനസിലാക്കുന്നുവെന്ന് കോടതി നിരീക്ഷിച്ചു.

പ്രശ്‌നപരിഹാരത്തിന് സ്വീകരിക്കാനുദ്ദേശിക്കുന്ന നടപടികള്‍ വ്യക്തമാക്കി മൂന്നാഴ്ചക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ സര്‍ക്കാരിന് നിര്‍ദേശം നല്‍കി. കേസില്‍ ആഭ്യന്തര സെക്രട്ടറി, ഡിജിപി, കലക്ടര്‍ എന്നിവരെ കക്ഷി ചേര്‍ത്തു. കഴിഞ്ഞ ദിവസം പ്രീതാ ഷാജിയും കുടുംബവും കഴിയുന്ന വീട് ഒഴിപ്പിക്കാനെത്തിയ ഉദ്യോഗസ്ഥര്‍ക്ക് ജനകീയ സമരത്തെ തുടര്‍ന്ന് ജപ്തി നടപടികള്‍ നിര്‍ത്തിവെച്ച് തിരികെ പോവേണ്ടി വന്നിരുന്നു.

കൂടാതെ പ്രതിഷേധം പ്രദേശത്ത് സംഘര്‍ഷത്തിന് വഴിവെക്കുകയും ചെയ്തു. ഈ സാഹചര്യം വിശദീകരിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി പ്രശ്‌നപരിഹാരം നിര്‍ദേശിക്കാന്‍ സര്‍ക്കാറിനോട് ആവശ്യപ്പെട്ടത്. വര്‍ഷങ്ങള്‍ക്കു മുമ്പ് പ്രീതയുടെ ഭര്‍ത്താവ് ഷാജി അകന്നബന്ധുവായ സാജന് രണ്ടു ലക്ഷം രൂപയുടെ വായ്പക്കു വേണ്ടി ജാമ്യം നിന്നിരുന്നു.

ആലുവ ലോര്‍ഡ് കൃഷ്ണ ബാങ്കില്‍ 22.5 സെന്റ് കിടപ്പാടം ഈട് നല്‍കുകയും ചെയ്തു. എന്നാല്‍, ബാങ്കില്‍ സാജന്‍ തിരിച്ചടവ് മുടക്കിയതോടെ വന്‍തുക കുടിശ്ശിക വന്നു. തുടര്‍ന്ന് ഒരു ലക്ഷം രൂപ തിരിച്ചടക്കാന്‍ ഷാജി തയാറായെങ്കിലും തകര്‍ന്ന ലോര്‍ഡ് കൃഷ്ണ ബാങ്കിനെ ഏറ്റെടുത്ത എച്ച്.ഡി.എഫ്.സി ബാങ്ക് അധികൃതര്‍ വന്‍ തുക ആവശ്യപ്പെട്ട് ഷാജിയെ തിരിച്ചയക്കുകയായിരുന്നു. രണ്ടുലക്ഷം രൂപയുടെ വായ്പ 2.30 കോടി രൂപയായെന്നാണ് എച്ച്.ഡി.എഫ്.സി പറയുന്നത്.

ഇതേതുടര്‍ന്ന് മരണംവരെ പ്രീത ഷാജി നിരാഹാരസമരം ആരംഭിച്ചെങ്കിലും 17 ദിവസം കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രിയുടെ ഓഫിസ് വിഷയത്തില്‍ ഇടപെടുമെന്ന് അറിയിച്ചതോടെ സമരം അവസാനിപ്പിച്ചു. തുടര്‍ന്ന്, വീടും സ്ഥലവും ലേലത്തില്‍ വാങ്ങിയ ആലങ്ങാട് സ്വദേശി എന്‍.എന്‍. രതീഷ് ഒഴിപ്പിക്കാന്‍ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് നടപടി സ്വീകരിക്കാന്‍ ഹൈകോടതി ഉത്തരവിട്ടത്.

ഒഴിപ്പിക്കുമ്പോള്‍ പ്രശ്‌ന സാധ്യതയുണ്ടെന്നും അതിനാല്‍ രണ്ടാഴ്ചകൂടി സമയം അനുവദിക്കണമെന്നും സര്‍ക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടെങ്കിലും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് അനുവദിച്ചിരുന്നില്ല.