സിംഹത്തിനൊപ്പം ഓടിക്കളിക്കുന്ന കൊച്ചുകുട്ടി: വീഡിയോ വൈറലാകുന്നു

single-img
11 July 2018

തുര്‍ക്കിയിലെ ഇസ്താംബൂളില്‍ സിംഹത്തിനൊപ്പം ഒരു കൊച്ചു പെണ്‍കുട്ടി ഓടിക്കളിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഇസ്താംബൂളിലെ റെസ്റ്റോറന്റിലാണ് ഈ കാഴ്ച. റെസ്‌റ്റോറന്റിനുള്ളില്‍ കണ്ണാടിക്കൂട്ടിലാണ് പക്ഷേ സിംഹം. കുട്ടി കൂടിന്റെ പുറത്തും. ഒറ്റനോട്ടത്തില്‍ കണ്ടാല്‍ പെണ്‍കുട്ടി സിംഹത്തോടൊപ്പം ഓടിക്കളിക്കുകയാണെന്ന് തോന്നും.

ഹോട്ടലിനുള്ളില്‍ ആഹാരം കഴിക്കുന്ന ആളുകളുടെ അടുത്ത് തന്നെയാണ് കണ്ണാടിക്കൂട്ടിനുള്ളിലെ സിംഹം. കുട്ടി സിംഹത്തെ കളിപ്പിക്കുന്നത് ആളുകള്‍ ആസ്വദിക്കുന്നതും വീഡിയോയില്‍ കാണാം. മേവ് സൂ എന്ന ഈ റെസ്‌റ്റോറന്റ് വന്യമൃഗങ്ങളുടെ പുനരധിവാസം കേന്ദ്രം എന്ന പേരിലാണ് പ്രവര്‍ത്തിക്കുന്നത്.

ഇവിടെ സിംഹത്തോടൊപ്പം മുതല, പാമ്പ്, കുതിര തുടങ്ങിയ മൃഗങ്ങളേയും കണ്ണാടിക്കൂട്ടില്‍ സംരക്ഷിക്കുന്നു. ഇതിനുള്ളിലെ മറ്റ് മൃഗങ്ങളുടെ വീഡിയോയും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തതോടെ റെസ്റ്റോറന്റിന്റെ സുരക്ഷിതത്വത്തെ ചോദ്യം ചെയ്ത് വ്യാപകമായ പരാതിയാണ് ഉയര്‍ന്നിട്ടുള്ളത്.

വന്യമൃഗങ്ങളെ പീഡിപ്പിക്കുകയാണെന്ന പരാതിയുമായി മൃഗസ്‌നേഹികളും രംഗത്തെത്തി. ഇതോടെ റെസ്റ്റോറന്റിനുള്ളില്‍ നിന്ന് മൃഗങ്ങളെ മാറ്റിപ്പാര്‍പ്പിക്കണമെന്ന് ഭരണകൂടം ഉത്തരവിട്ടു.