എണ്ണ ഇറക്കുമതി കുറച്ചാല്‍ ആനുകൂല്യങ്ങളും നിര്‍ത്തലാക്കും; ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി ഇറാന്‍

single-img
11 July 2018

ചബ്ബാര്‍ തുറമുഖ വികസനത്തിന് സഹായം നല്‍കാമെന്ന വാഗ്ദാനം ഇന്ത്യ പാലിച്ചില്ലെന്ന് ഇറാന്‍ ഡെപ്യൂട്ടി അംബാസഡര്‍ മസൂദ് റെസ്‌വാനിയന്‍ രാഹഖി. ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി നിര്‍ത്തിയാല്‍ ഇന്ത്യക്ക് നല്‍കുന്ന പ്രത്യേക പരിഗണന അവസാനിപ്പിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

സൗദി അറേബ്യ, റഷ്യ, ഇറാഖ്, യു.എസ് പോലുള്ള രാജ്യങ്ങളില്‍ നിന്ന് എണ്ണ വാങ്ങി ഇറാനില്‍ നിന്നുള്ള വിഹിതം കുറച്ചാല്‍ ഇന്ത്യക്ക് നല്‍കുന്ന പ്രത്യേക പരിഗണന അവസാനിപ്പിക്കും. ചബ്ബാര്‍ തുറമുഖവുമായി ബന്ധപ്പെട്ട വികസനത്തില്‍ ഇന്ത്യ വാഗ്ദാനം പാലിക്കാത്തത് നിര്‍ഭാഗ്യകരമാണ്.

ചബ്ബാറിലെ സഹകരണം നയതന്ത്ര സ്വഭാമുള്ളതാണെന്ന് കരുതുന്നുണ്ടെങ്കില്‍ ഇന്ത്യ ആവശ്യമായ നടപടികള്‍ സ്വകീരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഒരു സെമിനാറില്‍ സംസാരിക്കവെ രാഹഖി പറഞ്ഞു. ഇന്ത്യക്കായി എണ്ണ ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങളില്‍ മൂന്നാം സ്ഥാനമാണ് ഇറാനുള്ളത്, സൗദിയും ഇറാഖുമാണ് മറ്റു രണ്ടു രാജ്യങ്ങള്‍.

നവംബര്‍ നാലോടുകൂടി ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി പൂര്‍ണമായും നിര്‍ത്തലാക്കണമെന്നാണ് ഇന്ത്യയോടും മറ്റു രാജ്യങ്ങളോടും യുഎസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഇറാനുമായുള്ള ആണവ ബന്ധത്തില്‍ നിന്നു പിന്‍വാങ്ങിയതോടെയാണ് ഇറാനുമായുള്ള വ്യാപാരബന്ധം അവസാനിപ്പിക്കാന്‍ യുഎസ് ആവശ്യപ്പെട്ടത്.

ഇറാനില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ജൂണില്‍ 15.9 ശതമാനമായി കുറച്ചിരുന്നു. ഇന്ത്യക്കും ഇറാനും അഫ്ഗാനിസ്ഥാനും മധ്യ ഏഷ്യന്‍ രാജ്യങ്ങളുമായുള്ള വ്യാപാരം നടത്തുന്നതില്‍ സുവര്‍ണാവസരങ്ങള്‍ തുറക്കുന്ന കവാടമാണ് ചാബഹാര്‍ തുറമുഖമെന്നാണ് കണക്കാക്കിയിരുന്നത്. മേയ് 2016ലാണ് ഇന്ത്യയും ഇറാനും അഫ്ഗാനിസ്ഥാനും ചേര്‍ന്ന് മൂന്നു രാജ്യങ്ങള്‍ക്കുമിടയ്ക്കുള്ള വ്യാപാരം സുഗമമാക്കുന്ന ചാബഹാര്‍ തുറമുഖം സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചത്.