വീട്ടമ്മയെ പീഡിപ്പിച്ച കേസ്: വൈദികരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

single-img
11 July 2018

വീട്ടമ്മയെ പീഡിപ്പിച്ചെന്ന കേസിലെ പ്രതികളായ ഓര്‍ത്തഡോക്‌സ് വൈദികര്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. കോഴഞ്ചേരി തെക്കേമല മണ്ണില്‍ ഫാ. ജോണ്‍സണ്‍ വി. മാത്യു, ഡല്‍ഹി ഭദ്രാസനത്തിലെ ഫാ. ജെയ്‌സ് കെ ജോര്‍ജ്, ഫാ. സോണി വര്‍ഗീസ്, ഫാ. ജോബ് മാത്യു എന്നിവര്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹര്‍ജിയാണ് കോടതി തള്ളിയത്.

കേസില്‍ അന്വേഷണം നടന്നുകൊണ്ടിരിക്കുകയാണെന്നും അതിനാല്‍ മുന്‍കൂര്‍ ജാമ്യം അനുവദിക്കാനാകില്ലെന്നും പറഞ്ഞാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. പ്രതികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ വാദിച്ചു.

പ്രതികളെ അറസ്റ്റ് ചെയ്യാന്‍ പര്യാപ്തമായ വസ്തുതകള്‍ കേസ് ഡയറിയിലുണ്ടെന്നും സുപ്രീംകോടതി മാനദണ്ഡങ്ങളും പ്രതികളുടെ ആവശ്യങ്ങള്‍ക്കെതിരാണെന്നും കോടതി നിരീക്ഷിച്ചു. മുന്‍കൂര്‍ ജാമ്യം നിഷേധിച്ചതോടെ അറസ്റ്റ് നടപടികളുമായി പൊലീസ് മുന്നോട്ടുപോകുകയാണ്.

വീട്ടമ്മയുടെ പരാതി ഗൂഢലക്ഷ്യങ്ങളോടെ ആണെന്നായിരുന്നു വൈദികരുടെ വാദം. വീട്ടമ്മയുടെ മൊഴി പ്രകാരം പീഡനക്കുറ്റം നിലനില്‍ക്കില്ലെന്നും വൈദികര്‍ വാദിച്ചു. അന്വേഷണവുമായി സഹകരിക്കാന്‍ തയാറാണെന്ന് അറിയിച്ച വൈദികര്‍, അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടു. പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്നാണ് സര്‍ക്കാര്‍ നിലപാട്. വീട്ടമ്മയുടെ മതവിശ്വാസത്തെ പ്രതികള്‍ ദുരുപയോഗം ചെയ്‌തെന്ന് സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.