ഫിഫ ലോകകപ്പിൽ വീണ്ടും ഫ്രഞ്ച് വിപ്ലവം

single-img
11 July 2018

ഫ്രാൻസ് ഒരിക്കൽക്കൂടി ലോകകപ്പ് ഫുട്ബോളിന്റെ ഫൈനലിൽ. അത്ഭുതങ്ങളുടെ ചെപ്പുതുറക്കാനെത്തിയ ബെൽജിയത്തെ മടക്കമില്ലാത്ത ഏക ഗോളിന് തോൽപിച്ചാണ് ഫ്രാൻസ് മൂന്നാം തവണയും ലോകകപ്പിന്റെ കലാശപ്പോരിന് യോഗ്യത നേടിയത്. ഇന്ന് നടക്കുന്ന ക്രൊയേഷ്യ- ഇംഗ്ലണ്ട് രണ്ടാം സെമിയിലെ വിജയികളെ ഫ്രാന്‍സ് ഫൈനലില്‍ നേരിടും.

അമ്പത്തിയൊന്നാം മിനിറ്റിൽ ഡിഫൻഡർ സാമ്വൽ ഉംറ്റിറ്റിയാണ് ഫ്രാൻസിന്റെ വിജയഗോൾ നേടിയത്. ഗ്രീസ്മനെടുത്ത കോർണർ ഫെല്ലെയ്നിക്കൊപ്പം ചാടിയാണ് ഉംറ്റിറ്റി വലയിലേയ്ക്ക് കുത്തിയിട്ടത്.

ബെല്‍ജിയത്തിന്റെ ആക്രമണത്തോടെയാണ് മത്സരം തുടങ്ങിയത്. ആദ്യ 12 മിനിറ്റുകളില്‍ ഫ്രഞ്ച് താരങ്ങള്‍ പന്തു കിട്ടാതെ വലഞ്ഞു. ബെല്‍ജിയത്തിന്റെ വേഗതയേറിയ ഗെയിമിന് മുന്നില്‍ ഫ്രാന്‍സിന് ഉത്തരമുണ്ടായിരുന്നില്ല. വിന്‍സെന്റ് കൊമ്പനിയും വെര്‍ട്ടോഘനും വേഗക്കാരന്‍ എംബാപ്പയ്ക്ക് അവസരമൊന്നും കൊടുക്കാതിരുന്നതോടെ ഫ്രാന്‍സ് താളം കണ്ടെത്താന്‍ ബുദ്ധിമുട്ടി. എന്നാൽ രണ്ടാം പകുതി ആരംഭിച്ചയുടന്‍ ഫ്രാന്‍സ് ആദ്യ ഗോള്‍ നേടി.

ഗോള്‍ വഴങ്ങിയ ശേഷവും പരാജയ ഭീതി ഇല്ലാതെ ഫ്രാന്‍സിനെ വിറപ്പിച്ച പ്രകടനം പുറത്തെടുക്കാന്‍ ബെല്‍ജിയത്തിന് സാധിച്ചു. പന്തടക്കത്തില്‍ ബെല്‍ജിയത്തിന്റെ ആധിപത്യവും ഇതിന് തെളിവാണ്. എന്നാല്‍ ഉംറ്റിറ്റിയുടെ ആ ഹെഡ്ഡര്‍ ബെല്‍ജിയത്തിന്റെ സുവര്‍ണതലമുറയുടെ കുതിപ്പ് സെമിയില്‍ അവസാനിപ്പിച്ചു.

ഫ്രാൻസിന്റെ മൂന്നാം ഫൈനലാണിത്. 1998ൽ ചാമ്പ്യന്മരായി. 2006ൽ റണ്ണറപ്പുകളും. ഇംഗ്ലണ്ട്-ക്രെയേഷ്യ സെമിഫൈനല്‍ വിജയികള്‍ പതിനഞ്ചിന് ഫൈനല്‍ പോരാട്ടത്തില്‍ ഫ്രാന്‍സിനോട്‌ ഏറ്റുമുട്ടും.