National

സ്‌കൂള്‍ അധികൃതരുടെ കണ്ണില്ലാത്ത ക്രൂരത: ഫീസടയ്ക്കാത്തതിനാല്‍ നഴ്‌സറി കുട്ടികളെ പൂട്ടിയിട്ടു

ഫീസ് അടയ്ക്കാത്തതിന്റെ പേരില്‍ നഴ്‌സറി കുട്ടികളെ പൂട്ടിയിട്ടു. മണിക്കൂറുകളോളം ദാഹജലം പോലും നല്‍കിയില്ല. 59 ഓളം പെണ്‍കുട്ടികളോടാണ് ഡല്‍ഹിയിലെ ഹോസ് ഖ്വാസിയിലെ സ്വകാര്യ സ്‌കൂള്‍ അധികൃതരുടെ ക്രൂരത. നഗരത്തിലെ വളരെ പ്രസിദ്ധമായ സ്‌കൂളാണിത്.

രാവിലെ 7.30 മുതല്‍ ഉച്ചയ്ക്ക് 12.30 വരെ പൊരി വെയിലത്താണ് കുട്ടികളെ പൂട്ടിയിട്ടത്. 4നും 5നും ഇടയില്‍ പ്രായമുള്ളവരാണ് എല്ലാവരും. ഇവര്‍ക്ക് വെള്ളമോ ഭക്ഷണമോ നല്‍കിയില്ലെന്ന് രക്ഷിതാക്കള്‍ ആരോപിച്ചു. ഉച്ചയ്ക്ക് ശേഷം കുട്ടികളെ കൂട്ടിക്കൊണ്ടുപോകാന്‍ രക്ഷിതാക്കള്‍ എത്തിയപ്പോഴാണ് വിവരം അറിയുന്നത്.

പലതവണ അധികൃതരോട് ആവശ്യപ്പെട്ടിട്ടും കുഞ്ഞുങ്ങളെ സ്വതന്ത്രരാക്കിയില്ലെന്നും തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടുകയുമാണുണ്ടായതെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. പൂട്ടിയിട്ടവരില്‍ പല കുട്ടികളും ഫീസ് കൃത്യമായി അടച്ചിട്ടുണ്ടെന്നും അതിന്റെ തെളിവുകളും രക്ഷിതാക്കള്‍ കാണിച്ചു.

എന്നാല്‍ തെറ്റ് പറ്റിയതില്‍ അധികൃതരുടെ ഭാഗത്ത് നിന്ന് യാതൊരുവിധ ഖേദപ്രകടനമോ മാപ്പ് പറച്ചിലോ ഉണ്ടായില്ലെന്നും രക്ഷിതാക്കള്‍ ആരോപിച്ചു. ഫീസ് അടച്ചില്ലങ്കില്‍പ്പോലും രക്ഷിതാക്കളുടെ ഭാഗത്ത് നിന്നുണ്ടായ വീഴ്ചയ്ക്ക് കുട്ടികളെ ശിക്ഷിക്കുന്നതെന്തിനാണെന്ന ചോദ്യമാണ് പലഭാഗത്ത് നിന്നും ഉയരുന്നത്. ഒടുവില്‍ പൊലീസ് എത്തിയാണ് കുട്ടികളെ രക്ഷിച്ചത്. സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.