ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍ രൂപതയുടെ വാദങ്ങള്‍ പൊളിയുന്നു; വത്തിക്കാനിലേക്ക് രക്ഷപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ ബിഷപ്പിനെ ഉടന്‍ അറസ്റ്റ് ചെയ്യാന്‍ നീക്കം

single-img
11 July 2018

കോട്ടയം: ജലന്ധര്‍ ബിഷപ്പും തൃശൂര്‍ സ്വദേശിയുമായ ഫ്രാങ്കോ മുളയ്ക്കല്‍ പീഡിപ്പിച്ചെന്ന പരാതിയിലെ അന്വേഷണത്തോട് പീഡനത്തിനിരയായ കന്യാസ്ത്രീ സഹകരിച്ചില്ലെന്ന രൂപതയുടെ വാദം പൊളിയുന്നു. അന്വേഷണത്തിന് തയ്യാറാണെന്ന് ചൂണ്ടിക്കാട്ടി 2017 ഡിസംബറില്‍ തന്നെ കന്യാസ്ത്രീ കുറുവിലങ്ങാട് മദര്‍ സുപ്പീരിയറിന് കത്ത് നല്‍കിയിരുന്നു.

ഈ കത്ത് ഇപ്പോള്‍ മാദ്ധ്യമങ്ങള്‍ പുറത്ത് വിട്ടു. ഏത് തരത്തിലുള്ള അന്വേഷണത്തോടും സഹകരിക്കുമെന്നും തന്റെ ഭാഗം കേട്ട ശേഷം ന്യായവും നീതിപൂര്‍വവുമായ നടപടികള്‍ ഉണ്ടാകണമെന്നും കന്യാസ്ത്രീ കത്തില്‍ ആവശ്യപ്പെട്ടിരുന്നു. സഭ നടത്തിയ അന്വേഷണവുമായി കന്യാസ്ത്രീ സഹകരിച്ചില്ലെന്നായിരുന്നു രൂപതയുടെ നിലപാട്.

അതേസമയം, ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയേറുന്നു. ബിഷപ്പിനെതിരേ ശക്തമായ തെളിവുകള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം അറസ്റ്റ് ചെയ്യാനുള്ള നീക്കം ശക്തമാക്കിയിരിക്കുന്നത്. എന്നാല്‍, വിദേശ രാജ്യങ്ങളില്‍ നിരവധി ബന്ധങ്ങളുള്ള ബിഷപ്പ് ഇന്ത്യയില്‍ നിന്ന് രക്ഷപ്പെടാതിരിക്കാനുള്ള നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അന്വേഷണ സംഘം വ്യോമയാന മന്ത്രാലയത്തിന് കത്തയച്ചു.

ഇത് സംബന്ധിച്ച് വിമാനത്താവളങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കണമെന്നാണ് കത്തിലെ പ്രധാന ആവശ്യം. അറസ്റ്റ് ചെയ്യാനുള്ള സാധ്യത ഉറപ്പായ പശ്ചാത്തലത്തില്‍ ബിഷപ്പ് വത്തിക്കാനിലേക്ക് കടക്കാനുള്ള സാധ്യതയുണ്ടെന്ന രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണ സംഘം മുന്‍കരുതല്‍ സ്വീകരിച്ചിരിക്കുന്നത്.

കേസിന്റെ ഇതുവരെയുള്ള അന്വേഷണ പുരോഗതി അന്വേഷണത്തിന് നേതൃത്വം നല്‍കിയ വൈക്കം ഡിവൈഎസ്പി കോട്ടയം ജില്ലാ പോലീസ് മേധാവിക്ക് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലായിരിക്കും പോലീസ് ജലന്ധറിലേക്ക് പോകുന്നത് സംബന്ധിച്ച് അന്തിമ തീരുമാനം സ്വീകരിക്കുക.

അതേസമയം, ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതിനായി പഞ്ചാബ് പോലീസിന്റെ സഹായം തേടുന്നതിനുള്ള നടപടികളും അന്വേഷണ സംഘം ആരംഭിച്ചതായാണ് സൂചന. പഞ്ചാബില്‍ ബിഷപ്പിന്റെ ഉന്നതതല ബന്ധങ്ങള്‍ കണക്കിലെടുത്താണ് പ്രദേശിക പോലീസിന്റെ സഹായം തേടുന്നത്.

അതിനിടെ ജലന്തര്‍ ബിഷപ്പ് 12 തവണ മാനഭംഗപ്പെടുത്തിയതായി കന്യാസ്ത്രീയുടെ രഹസ്യമൊഴി. കുറവിലങ്ങാട്ട് മഠത്തിലെ 20–ാം നമ്പര്‍ മുറിയില്‍ വച്ചായിരുന്നു പീഡനം. മാനനഷ്ടവും ജീവഹാനിയും ഭയന്നാണു വിവരം നേരത്തെ പറയാതിരുന്നതെന്നും മൊഴിയില്‍ പറയുന്നു. പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയായെന്നു മാത്രമാണ് പൊലീസിനു നല്‍കിയ മൊഴിയില്‍ പറഞ്ഞിരുന്നത്. രഹസ്യമൊഴിയിലെ വെളിപ്പെടുത്തലോടെ പൊലീസ് വീണ്ടും മൊഴി രേഖപ്പെടുത്തി.

പീഡനം നടന്നതായി കന്യാസ്ത്രീയുടെ വൈദ്യപരിശോധന നടത്തിയ ഡോക്ടറും അന്വേഷണ സംഘത്തിന് മൊഴി നല്‍കി. 2014നും 16നും ഇടയില്‍ കന്യാസ്ത്രീ പീഡനത്തിനിരയായ 12 ദിവസങ്ങളിലും ബിഷപ്പ് മഠത്തില്‍ താമസിച്ചതായി സന്ദര്‍ശക റജിസ്റ്ററില്‍നിന്നു വ്യക്തമായിരുന്നു. ഈ കാലയളവില്‍ പരാതിക്കാരിയോടൊപ്പം മഠത്തിലുണ്ടായിരുന്ന കന്യാസ്ത്രീകളുടെ മൊഴിയും നിര്‍ണായകമായി.

ബിഷപ്പ് കന്യാസ്ത്രീയെ ഫോണില്‍ വിളിച്ചും ശല്യപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന്റെ തെളിവുകള്‍ ഉള്‍പ്പെടുന്ന കന്യാസ്ത്രീയുടെ ഫോണ്‍ ജലന്തറില്‍വെച്ച് നഷ്ടമായി. ഇത് കണ്ടെത്താനും നടപടികള്‍ ഊര്‍ജിതമാക്കി. അതേസമയം കന്യാസ്തീക്കെതിരെയും ബന്ധുക്കള്‍ക്കെതിരെയും ബിഷപ്പ് നല്‍കിയ പരാതി വ്യാജമാണെന്ന് അന്വേഷണ സംഘത്തിന്റെ പരിശോധനയില്‍ വ്യക്തമായി.