തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റില്‍ ഗുരുതര അണുബാധ

single-img
10 July 2018

തിരുവനന്തപുരം മെഡിക്കല്‍കോളേജിലെ ഡയാലിസിസ് യൂണിറ്റില്‍ അണുബാധ കണ്ടെത്തി. ബര്‍ക്കോള്‍ഡേറിയ ബാക്ടീരിയ ബാധയാണ് കണ്ടെത്തിയത്. കഴിഞ്ഞമാസമാണ് അണുബാധ കണ്ടെത്തിയത്. ഇത് മൂന്നാം തവണയാണ് അണുബാധയുണ്ടാകുന്നത്. ഈ വര്‍ഷം രണ്ടാമത്തെ തവണയും.

30 മുതല്‍ 40 വരെ ഡയാലിസിസുകള്‍ ഇവിടെ നടക്കുന്നുണ്ട്. ഏപ്രിലിലാണ് ബാക്ടീരിയ ബാധ ആദ്യം കണ്ടെത്തിയത്. ഇത്തവണ ജൂണിലും ഈ മാസവുമായി ഡയാലിസിസ് നടത്തിയ ആറു രോഗികളിലും രോഗ ബാധ കണ്ടെത്തി. മണ്ണ്, വെള്ളം എന്നിവ വഴി പകരുന്ന ബാക്ടീരയുടെ ഉറവിടം തീവ്ര പരിചരണ വിഭാഗത്തിലടക്കം വെള്ളം എത്തിക്കുന്ന ജല സംഭരണി ആണെന്നാണ് നിഗമനം.

ഗുരുതര രോഗം ബാധിച്ച രോഗികള്‍ക്ക് ബാക്ടീരിയ ബാധ ഉണ്ടായാല്‍ മരണം വരെ സംഭവിക്കാവുന്ന സാഹചര്യമാണുള്ളത്. അതേസമയം വെള്ളം ശേഖരിക്കുന്ന ടാങ്കും പൈപ്പും, ഡയാലിസിസിന് ഉപയോഗിക്കുന്ന ട്യൂബും വയറുകളും അണുവിമുക്തമാക്കിയിട്ടുണ്ടെന്ന് ആശുപത്രി സൂപ്രണ്ട് പ്രതികരിച്ചു. പുതിയ സ്റ്റീല്‍ ടാങ്കും പൈപ്പും സ്ഥാപിക്കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും സൂപ്രണ്ട് പറഞ്ഞു.