സാങ്കേതിക തകരാര്‍: ടൊയോട്ടയും ഇന്ത്യയില്‍ കാറുകളെ തിരിച്ചുവിളിക്കുന്നു

single-img
10 July 2018

ഫോര്‍ഡിന് പിന്നാലെ ടൊയോട്ടയും ഇന്ത്യയില്‍ കാറുകളെ തിരിച്ചുവിളിക്കുന്നു. വിപണിയില്‍ പ്രചാരമേറിയ ഇന്നോവ ക്രിസ്റ്റ, ഫോര്‍ച്യൂണര്‍ മോഡലുകളെയാണ് ടൊയോട്ട തിരിച്ചുവിളിച്ചിരിക്കുന്നത്. ഫ്യൂവല്‍ ഹോസ് കണക്ഷനിലുള്ള നിര്‍മ്മാണപ്പിഴവാണ് മോഡലുകളെ തിരിച്ചുവിളിക്കാന്‍ കാരണം.

2016 ജൂലായ് 16നും 2018 മാര്‍ച്ച് 22നും ഇടയ്ക്ക് നിര്‍മ്മിച്ച ഇന്നോവ ക്രിസ്റ്റകളിലും 2016 ഒക്ടോബര്‍ ആറിനും 2018 മാര്‍ച്ച് 22നും ഇടയ്ക്ക് നിര്‍മ്മിച്ച ഫോര്‍ച്യൂണറുകളിലുമാണ് തകരാറുകള്‍ ഉള്ളതെന്ന് കമ്പനി പറഞ്ഞു. വിപണിയില്‍ വിറ്റുപോയ 2,628 മോഡലുകളില്‍ പരിശോധന അനിവാര്യമാണെന്നും കമ്പനി വ്യക്തമാക്കി.

ഇന്ധനടാങ്ക് പൂര്‍ണമായും നിറച്ചാല്‍ ഇന്ധനം ചോര്‍ന്നൊലിക്കുന്നതാണ് പ്രധാനപ്രശ്‌നം. കാനിസ്റ്റര്‍ ഹോസും ഫ്യൂവല്‍ റിട്ടേണ്‍ ഹോസും തെറ്റായി ബന്ധിപ്പിച്ചതാണിതിന് കാരണം. ഇന്നോവ ക്രിസ്റ്റയുടെയും ഫോര്‍ച്യൂണറിന്റെയും പെട്രോള്‍ വകഭേദങ്ങളില്‍ മാത്രമാണ് ഫ്യൂവല്‍ ഹോസ് തകരാറുള്ളത്.

പരിശോധന ആവശ്യമായ വാഹന ഉടമകളെ കമ്പനി ഡീലര്‍മാര്‍ വരും ആഴ്ചകളില്‍ വിവരമറിയിക്കുമെന്നും നിര്‍മ്മാപ്പിഴവുകള്‍ സൗജന്യമായി പരിഹരിച്ചു നല്‍കുമെന്നും കമ്പനി വ്യക്തമാക്കി. പ്രശ്‌നമുണ്ടെന്ന് സംശയമുള്ള ഉടമകള്‍ക്ക് സമീപമുള്ള ടൊയോട്ട ഡീലര്‍ഷിപ്പുകളില്‍ പരിശോധന നടത്താം.

ക്വാളിസിനു പകരക്കാരനായാണ് 2005 ല്‍ ഇന്നോവ വിപണിയിലെത്തിയത്. 2004ല്‍ ഇന്തോനേഷ്യന്‍ വിപണിയിലാണ് ഇന്നോവയെ ആദ്യമായി അവതരിപ്പിക്കുന്നത്. തുടര്‍ന്ന് 12 വേരിയന്റുകളിലാണ് ആദ്യതലമുറ ഇന്നോവ ഇന്ത്യന്‍വിപണിയിലെത്തിയത്.

പുറത്തിറങ്ങിയ കാലം മുതല്‍ എംപിവി വിപണിയിലെ ഒന്നാം സ്ഥാനക്കാരനായിരുന്നു ഇന്നോവ. 2016ലെ ദില്ലി ഓട്ടോ എക്‌സോപയിലാണ് രണ്ടാം തലമുറ ഇന്നോവയെ ടൊയോട്ട അവതരിപ്പിക്കുന്നത്. ക്രിസ്റ്റ എന്നായിരുന്നു അടിമുടി മാറിയ പുത്തന്‍വാഹനത്തിനു ടൊയോട്ട കിര്‍ലോസ്‌കര്‍ മോട്ടോര്‍ കോര്‍പറേഷന്‍ നല്‍കിയ ഓമനപ്പേര്.

പ്രതിമാസം 8,000 യൂണിറ്റുകളുടെ വില്‍പനയുണ്ട് ഈ മോഡലിന്. 2009ലാണ് ആദ്യ ഫോര്‍ച്യൂണര്‍ ഇന്ത്യയിലെത്തിയത്. 2,694 സിസി ഇന്‍ലൈന്‍ നാലു സിലിണ്ടര്‍ പെട്രോള്‍ എഞ്ചിനാണ് ഇരുവാഹനങ്ങളുടെയും ഹൃദയം. ഈ എഞ്ചിന്‍ 163 യവു കരുത്തും 245 Nm ടോര്‍ഖും സൃഷ്ടിക്കും. അഞ്ചു സ്പീഡ് മാനുവല്‍, ആറു സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ് ഓപ്ഷനുകളാണ് ട്രാന്‍സ്മിഷന്‍.