പൊലീസ് ഡ്രൈവറെ മര്‍ദ്ദിച്ച സംഭവം; ഗവാസ്‌കറിനോട് മാപ്പ് പറയാന്‍ തയ്യാറാണെന്ന് എഡിജിപിയുടെ മകള്‍

single-img
10 July 2018

പോലീസ് ഡ്രൈവര്‍ ഗവാസ്‌കറിനോട് മാപ്പ് പറയാന്‍ ഒരുക്കമാണെന്ന് എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധ. അഭിഭാഷക തലത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് സ്‌നിഗ്ധ മാപ്പ് പറയാന്‍ സന്നദ്ധത അറിയിച്ചത്. എന്നാല്‍, യാതൊരുവിധ ഒത്തുതീര്‍പ്പിനും തയ്യാറല്ലെന്നാണ് ഗവാസ്‌കറിന്റെ കുടുംബം പ്രതികരിച്ചതെന്നാണ് സൂചന.

നിയമ നടപടികളുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ഗവാസ്‌കറിന്റെ അഭിഭാഷകന്‍ എഡിജിപിയുടെ മകളുടെ അഭിഭാഷകനെ അറിയിച്ചു. കേസ് സംബന്ധിച്ച് അന്വേഷണം അവസാന ഘട്ടത്തിലേക്ക് നീങ്ങിയ സാഹചര്യത്തിലാണ് ഒത്തുതീര്‍പ്പ് നടപടികളുമായി എഡിജിപിയുടെ മകള്‍ രംഗത്തെത്തിയിരിക്കുന്നത്.

പൊലീസ് ഡ്രൈവറെ മര്‍ദിച്ച സംഭവത്തില്‍ എഡിജിപി സുധേഷ് കുമാറിന്റെ മകള്‍ സ്‌നിഗ്ധയുടെ അറസ്റ്റ് തടയാനാകില്ലെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. എഡിജിപിയുടെ മകള്‍ എന്തിനാണ് അറസ്റ്റിനെ ഭയപ്പെടുന്നതെന്ന് കോടതി ചോദിച്ചിരുന്നു.

കോടതിയുടെ ഭാഗത്തുനിന്ന് സംരക്ഷണം വേണ്ടയാളല്ല എഡിജിപിയുടെ മകളെന്നും കോടതി ചൂണ്ടിക്കാട്ടി. തനിക്കെതിരെ ഗവാസ്‌കര്‍ നല്‍കിയ പരാതി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സ്‌നിഗ്ധ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്.