ഐഎസ്ആര്‍ഒ ചാരക്കേസ്: നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി

single-img
10 July 2018

ഐഎസ്ആര്‍ഒ ചാരക്കേസില്‍ നമ്പി നാരായണന് നഷ്ടപരിഹാരം നല്‍കണമെന്ന് സുപ്രീംകോടതി. നഷ്ടപരിഹാരവും പുനരന്വേഷണവും ആവശ്യപ്പെട്ട് നമ്പിനാരായണന്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി. ഉന്നത പദവിയില്‍ ഇരുന്ന ഒരു ശാസ്ത്രജ്ഞനെയാണ് കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തത്.

അതിനാല്‍ തന്നെ അദ്ദേഹം നഷ്ടപരിഹാരം അര്‍ഹിക്കുന്നുണ്ടെന്നും കേസിന്റെ വാദത്തിനിടെ ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. നഷ്ടപരിഹാരം ആരാണ് നല്‍കേണ്ടതെന്ന് കോടതി ചോദിച്ചെങ്കിലും അത് തങ്ങളുടെ ഉത്തരവാദിത്വമല്ലെന്ന് സി.ബി.ഐ വ്യക്തമാക്കി.

അതേസമയം, ചാരക്കേസിന്റെ ഗൂഢാലോചനയെ കുറിച്ച് അന്വേഷണം വേണമെന്ന് സി.ബി.ഐ കോടതിയില്‍ ആവശ്യപ്പെട്ടു. കസ്റ്റഡിയില്‍ എടുത്തത് അടക്കമുള്ള കാര്യങ്ങള്‍ അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണം. കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം വേണമെന്നും അഭിഭാഷകന്‍ വ്യക്തമാക്കി. കേസ് വിധി പറയാനായി മാറ്റി.