സംസ്ഥാനത്ത് ശക്തമായ മഴ; കനത്ത ജാഗ്രതാ നിര്‍ദേശം: വയനാട്ടില്‍ കെ.എസ്.ഇ.ബി സബ് സ്റ്റേഷനില്‍ വെള്ളം കയറി ജീവനക്കാര്‍ കുടുങ്ങി

single-img
10 July 2018

സംസ്ഥാനത്ത് മഴ ശക്തമായ സാഹചര്യത്തില്‍ കനത്ത ജാഗ്രതാ നിര്‍ദേശം. വെള്ളപ്പൊക്കം, ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ എന്നിവക്ക് സാധ്യതയുള്ളതിനാല്‍ മുന്‍കരുതലെടുക്കണമെന്ന് അടിയന്തരഘട്ട കാര്യനിര്‍വഹണ കേന്ദ്രം കലക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. ഈ മാസം 13 വരെ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പും മുന്നറിയിപ്പ് നല്‍കി.

കേരള ലക്ഷദ്വീപ് തീരങ്ങളില്‍ വടക്ക് പടിഞ്ഞാറ് ദിശയില്‍ നിന്ന് മണിക്കൂറില്‍ 35 മുതല്‍ 60 വരെ കിലോമീറ്റര്‍ വേഗത്തില്‍ കാറ്റടിക്കാന്‍ സാധ്യതയുണ്ട്. മത്സ്യത്തൊഴിലാളികള്‍ ലക്ഷദ്വീപിന്റെ പടിഞ്ഞാറ് ഭാഗത്തും അറബിക്കടലിന്റെ വടക്കുഭാഗത്തും മത്സ്യബന്ധനത്തിന് പോകരുതെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

അതിനിടെ ഇന്നലെ ഉച്ചയോടെ തുടങ്ങിയ ശക്തമായ മഴയില്‍ വയനാട് ജില്ലയില്‍ വന്‍ നാശനഷ്ടം. താഴ്ന്ന പ്രദേശങ്ങള്‍ പൂര്‍ണമായും വെള്ളത്തിനടിയിലായി. മണിയന്‍കോട് കെ.എസ്.ഇ.ബി സബ് സ്റ്റേഷനില്‍ വെള്ളം കയറി. സബ് സ്റ്റേഷനില്‍ കുടുങ്ങിക്കിടന്ന മൂന്ന് ജീവനക്കാരെ പൊലീസും അഗ്‌നിരക്ഷാ സേനയും ചേര്‍ന്ന് രക്ഷപ്പെടുത്തി.

പുറത്ത് കടക്കാന്‍ കഴിയാതെ ജീവനക്കാര്‍ മണിക്കൂറുകളോളമാണ് കുടുങ്ങിയത്. മേപ്പാടിയില്‍ ലത്തീഫിന്റേയും മറ്റൊരാളുടേയും വീടിന് മുകളില്‍ മണ്ണിടിഞ്ഞ് വീണു. വീട്ടിലുണ്ടായിരുന്നവര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. പനമരത്ത് പെട്രോള്‍ പമ്പിന് മുകളില്‍ മണ്ണിടിഞ്ഞ് വീണെങ്കിലും ആളപായമില്ല.

മാനന്തവാടി വെള്ളിയൂര്‍ കാവും പരിസരങ്ങളും വെള്ളത്തില്‍ മുങ്ങി. വൈത്തിരി താലൂക്കിലാണ് മഴ ഏറ്റവുമധികം ദുരിതം വിതച്ചത്. ദുരിത ബാധിതരെ ഇന്നലെ രാത്രി തന്നെ ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് മാറ്റി പാര്‍പ്പിച്ചു. നൂറോളം കുടുംബങ്ങളാണ് വിവിധ ക്യാമ്പുകളിലായി കഴിയുന്നത്. ജില്ലയുടെ പല ഭാഗത്തും ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍ ഭീഷണിയിലാണെന്നും ജനങ്ങള്‍ യാത്ര ഒഴിവാക്കണമെന്നും ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.