‘എന്തിനാ അച്ഛാ അമ്മയെ കൊന്നത്’; കോടതിക്കുള്ളില്‍ മൂന്ന് വയസ്സുകാരന്റെ ചോദ്യം നിര്‍ണ്ണായകമായി

single-img
10 July 2018

ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിനെ കോടതിയില്‍ വിസ്തരിക്കവെ അപ്രതീക്ഷിതമായ മൂന്ന് വയസ്സുകാരന്‍ മകന്റെ ചോദ്യം കേസിലെ നിര്‍ണ്ണായക സാക്ഷിമൊഴിയായി. ബംഗലൂരുവിലെ ഫാസ്റ്റ്ട്രാക്ക് കോടതി 13 ദിവസം കൊണ്ട് കൊലപാതകത്തില്‍ പ്രതിയെ കണ്ടെത്തി വിധി പ്രസ്താവിച്ചു.

ചുരുങ്ങിയ ദിവസത്തിനുള്ളില്‍ വിധി പറഞ്ഞ കേസ് എന്ന നിലയില്‍ കോടതിയും ജഡ്ജിയും ചരിത്രത്തില്‍ ഇടംനേടി. കോടതിയില്‍ ജഡ്ജിയേയും അഭിഭാഷകരേയും വാദം കേള്‍ക്കാനെത്തിയവരേയും ഞെട്ടിച്ചുകൊണ്ടാണ് മൂന്ന് വയസ്സുകാരന്‍ തന്റെ അച്ഛന്‍ തന്നെയാണ് അമ്മയെ കൊലപ്പെടുത്തിയതെന്ന് വിളിച്ചുപറഞ്ഞത്.

നിഷ്‌കളങ്കനായ കുരുന്നിന്റെ ചോദ്യത്തിന് മുന്നില്‍ കോടതി നിശബ്ദമായി. കരഞ്ഞുതളര്‍ന്ന ഇളയ മകന്റെ ചോദ്യം കേട്ട് പകച്ചുനിന്ന അച്ഛന് പിന്നെ കുറ്റം സമ്മതിക്കുകയല്ലാതെ വേറെ മാര്‍ഗ്ഗമില്ലായിരുന്നു. ബഗലൂരന്‍ഗ വനഹല്ലി ഗ്രാമത്തില്‍ കൂലിപ്പണിക്കാരനായ ശ്രീധര്‍ ആണ് ഭാര്യ സാകമ്മയെ അവിഹിത ബന്ധം ആരോപിച്ച് കൊലപ്പെടുത്തിയത്.

ജൂണ്‍ 27ന് രാത്രിയില്‍ കൊലപാതകം നടക്കുമ്പോള്‍ ഇവരുടെ മറ്റൊരു കുട്ടി ഉറങ്ങുകയായിരുന്നു. ക്രൂരക്യത്യം നേരില്‍ കണ്ട മൂന്ന് വയസ്സുള്ള മകന്‍ തൊട്ടടുത്തുള്ള ബന്ധുവിന്റെ വീട്ടില്‍ ഓടിപ്പോയി. രണ്ട് ദിവസം കഴിഞ്ഞ് കേസില്‍ കുറ്റപത്രം തയ്യാറാക്കി കോടതിയില്‍ വാദം തുടങ്ങി. 36 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. ഒടുവില്‍ മുഖ്യസാക്ഷിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ വിധി പ്രസ്താവിച്ചു.