ജിഎന്‍പിസി ഗ്രൂപ്പിനെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസ്; അംഗങ്ങളും നിരീക്ഷണത്തില്‍

single-img
10 July 2018

തിരുവനന്തപുരം: സമൂഹമാധ്യമത്തിലൂടെ മദ്യപാനത്തെ പ്രോത്സാഹിപ്പിച്ചുവെന്ന കേസില്‍ ജിഎന്‍പിസി ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കെതിരെ കടുത്ത നടപടിക്കൊരുങ്ങി എക്‌സൈസ് വകുപ്പ്. ഗ്രൂപ്പിന്റെ മറവില്‍ അനധികൃത സാമ്പത്തിക ഇടപാടുകള്‍ നടന്നുവെന്നും അന്വേഷണസംഘം കണ്ടെത്തി.

ഗ്രൂപ്പിന്റെ വാര്‍ഷികാഘോഷത്തിന് ദുബായിലും തിരുവനന്തപുരത്തും സംഘടിപ്പിച്ച ഡിജെ പാര്‍ട്ടികളുടെ നടത്തിപ്പിനെക്കുറിച്ചും അന്വേഷണം നടക്കും. ദുബായില്‍ നടന്ന ഗ്രൂപ്പിന്റെ വാര്‍ഷികാഘോഷപരിപാടികള്‍ ബാര്‍ ഹോട്ടലുകളാണ് സ്‌പോണ്‍സര്‍ ചെയ്തതെന്ന് അന്വേഷണ സംഘം കണ്ടെത്തി.

ഗ്രൂപ്പംഗങ്ങളുടെ മൊഴിയില്‍ നിന്നുമാണ് വിവരം ലഭിച്ചത്. ഗ്രൂപ്പിന്റെ അഡ്മിന്‍മാരായ തിരുവനന്തപുരം സ്വദേശി ടിഎല്‍ അജിത്, ഭാര്യ വനിത എന്നിവര്‍ ഒളിവിലാണ്. ഇവരെ കൂടാതെ ഗ്രൂപ്പ് അഡ്മിന്‍മാരായി പ്രവര്‍ത്തിക്കുന്ന 36 പേരും നിയമനടപടികള്‍ നേരിടേണ്ടതായി വരും.

ഇവരെ കണ്ടെത്താനായി എക്‌സൈസ് സംഘം സൈബര്‍ പോലീസിന്റെ സഹായവും തേടിയിട്ടുണ്ട്. അജിത്തിന്റെ അക്കൗണ്ടുകള്‍ മരവിപ്പിക്കാന്‍ ബാങ്ക് അധികൃതര്‍ക്ക് പോലീസ് കത്ത് നല്‍കി കഴിഞ്ഞു. മതസ്പര്‍ദ്ധ വളര്‍ത്തല്‍, കുട്ടികളുടെ മുന്‍പില്‍ വെച്ചുള്ള മദ്യപിക്കല്‍, ടിക്കറ്റ് വെച്ചുള്ള മദ്യസല്‍ക്കാരം തുടങ്ങിയ കുറ്റങ്ങളുടെ പേരില്‍ അജിത്തിനെതിരെയും പൊലീസ് കേസെടുക്കും.

ഇരുപത് ലക്ഷത്തിലധികം അംഗങ്ങളുള്ള ഇന്ത്യയിലെ ഏറ്റവും വലിയ സീക്രട്ട് ഗ്രൂപ്പായിരുന്നു ജിഎന്‍പിസി. പുതിയ ബ്രാന്‍ഡുകള്‍, മദ്യപിക്കേണ്ടത് എങ്ങനെ, മദ്യത്തിനൊപ്പം കഴിക്കാന്‍ പറ്റിയ ഭക്ഷണം തുടങ്ങിയ കാര്യങ്ങളാണ് ഗ്രൂപ്പിലൂടെ പ്രചരിപ്പിക്കപ്പെട്ടിരുന്നത്. ലഹരിക്കെതിരെയുള്ള ബോധവത്കരണം നടക്കുന്നതിനിടെ ചില മദ്യക്കമ്പനികളെ സഹായിക്കാനായാണ് ഗ്രൂപ്പ് പ്രവര്‍ത്തിച്ചിരുന്നതെന്നാണ് എക്‌സൈസ് സംഘത്തിന്റെ കണ്ടെത്തല്‍.