ഇറച്ചിക്കടയില്‍ നിന്നും വാങ്ങിയ മൂന്നു കിലോ കോഴി വീട്ടിലെത്തിയപ്പോള്‍ 1.75 കിലോ ആയി: പുതിയ തട്ടിപ്പ് അരങ്ങേറുന്നത് ഇങ്ങനെ

single-img
10 July 2018

തിരുവനന്തപുരം കുളത്തൂര്‍ മുക്കോലയ്ക്കല്‍ ബൈപാസ് ജംഗ്ഷനു സമീപത്തെ കോഴിക്കടയിലാണ് തട്ടിപ്പ് പിടികൂടിയത്. കുളത്തൂര്‍ സ്വദേശി സതീഷ് ഇവിടെ നിന്നും മൂന്നുകിലോ കോഴിയാണ് വാങ്ങിയത്. ഡ്രസ് ചെയ്തു കഷണങ്ങളാക്കി വീട്ടില്‍ കൊണ്ടുവന്നപ്പോള്‍ സാധാരണ അളവിനെക്കാള്‍ വലിയ കുറവു.

തുടര്‍ന്ന് സമീപത്തെ പലചരക്കുകടയില്‍ തൂക്കി നോക്കി. ഭാരം 1.75 കിലോ. ഇത്രയും കുറവു വന്നതില്‍ എന്തോ കൃത്രിമം ഉണ്ടെന്നു നാട്ടുകാരും അഭിപ്രായപ്പെട്ടു. പിറ്റേന്നു കടയില്‍ നിന്നു രണ്ടു കിലോ പഴം വാങ്ങിയ ശേഷം നാട്ടുകാരെയും കൂട്ടി സതീഷ് പൗള്‍ട്രിഫാമിലെത്തി.

ഇവിടെയുള്ള ഇലക്ട്രിക് ത്രാസില്‍ പഴം തൂക്കിയപ്പോള്‍ രണ്ടു കിലോ 300 ഗ്രാം. ഒരു കിലോ തൂക്കം ഒരു കിലോ 125 ഗ്രാം എന്ന നിലയ്ക്കാണ് ഈ ത്രാസ് രേഖപ്പെടുത്തിയിരുന്നത്. ഇതോടെ ത്രാസിലെ തട്ടിപ്പു മനസ്സിലാക്കിയ ഇവര്‍ ലീഗല്‍ മെട്രോളജി വിഭാഗത്തെ അറിയിച്ചു.

അധികൃതര്‍ നടത്തിയ പരിശോധനയിലും ത്രാസിലെ കൃത്രിമം കൂടുതല്‍ വ്യക്തമായി. ഇവര്‍ക്കെതിരെ കേസ് എടുത്തു പിഴചുമത്തിയെന്നു ലീഗല്‍ മെട്രോളജി വിഭാഗം അസി. കണ്‍ട്രോളര്‍ വി.എസ്.അജിത്കുമാര്‍ പറഞ്ഞു. അളവുതൂക്ക നിയമലംഘനവുമായി ബന്ധപ്പെട്ടു ജില്ലയില്‍ കഴിഞ്ഞ മാസം മാത്രം 274 കേസുകളാണു ലീഗല്‍ മെട്രോളജി വിഭാഗം പിടിച്ചത്.