ബിഷപ്പ് രണ്ടുവര്‍ഷം തുടര്‍ച്ചയായി പിന്തുടര്‍ന്ന് പീഡിപ്പിച്ചു; കന്യാസ്ത്രീയുടെ രഹസ്യമൊഴി പുറത്ത്; നിര്‍ണായക തെളിവായ കന്യാസ്ത്രീയുടെ മൊബൈല്‍ ഫോണ്‍ കാണാതായി

single-img
10 July 2018

ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ കേസില്‍ കന്യാസ്ത്രീയുടെ രഹസ്യമൊഴിയുടെ പകര്‍പ്പ് പൊലീസിന് ലഭിച്ചു. രഹസ്യ മൊഴിയും എഫ്‌ഐആറും തമ്മില്‍ വൈരുദ്ധ്യങ്ങളുണ്ടോയെന്ന് പരിശോധിച്ച പൊലീസ്, ഇന്ന് വീണ്ടും കന്യാസ്ത്രീയുടെ മൊഴിയെടുക്കും. 114 പേജുകളുള്ള രഹസ്യ മൊഴിയുടെ പകര്‍പ്പാണ് പൊലീസിന് ലഭിച്ചത്. ബിഷപ്പ് കുറവിലങ്ങാട്ട് മഠത്തില്‍ വച്ച് 13 തവണ ലൈംഗികമായി പീഡിപ്പിച്ചതായി കന്യാസ്ത്രീ മൊഴി നല്‍കിയിട്ടുണ്ട്.

രഹസ്യ മൊഴിയിലെ പ്രസക്ത ഭാഗങ്ങള്‍: ”ബിഷപ്പ് രണ്ടുവര്‍ഷം തുടര്‍ച്ചയായി പിന്തുടര്‍ന്ന് പീഡിപ്പിച്ചു. തന്നോട് വ്യക്തിവൈരാഗ്യത്തോടെയാണ് പെരുമാറിയത്. പല തവണ ബിഷപ്പ് ഫോണില്‍ വിളിച്ച് ലൈംഗിക താത്പര്യം വ്യക്തമാക്കിയിരുന്നു.

താത്പര്യമില്ലെന്ന് അറിയിച്ചെങ്കിലും, ഫോണില്‍ അശ്‌ളീല സന്ദേശങ്ങളും ബിഷപ്പിന്റെ സ്വകാര്യ ഭാഗങ്ങളുടെ വീഡിയോയും ചിത്രങ്ങളും അയച്ചു നല്‍കി. എന്നാല്‍, ഇത് ആദ്യമൊന്നും ഗൗരവമായി എടുത്തില്ല. ഇതിനിടെ തന്നെ ളോഹ ഇസ്തിരിയിട്ടു നല്‍കാനെന്ന പേരില്‍ മുറിയിലേയ്ക്കു വിളിച്ചു വരുത്തി ബിഷപ്പ് പീഡിപ്പിക്കുകയായിരുന്നു.

ബിഷപ്പ് തന്നെ പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കി. പീഡനം തുടര്‍ന്നതോടെ സഭയിലെ ഉന്നതര്‍ അടക്കമുള്ളവര്‍ക്കു പരാതി നല്‍കി. എന്നാല്‍, എല്ലാവരും തന്നെ പുച്ഛിക്കുകയും പരിഹസിക്കുകയുമായിരുന്നു. തുടര്‍ന്ന് മറ്റേതെങ്കിലും ഇടവകയിലേക്ക് മാറ്റണമെന്ന് അഭ്യര്‍ത്ഥിച്ചു.

അതോടെ ബിഷപ്പ് തനിക്കെതിരെ പ്രതികാര നടപടികള്‍ സ്വീകരിച്ചു. അച്ചടക്ക ലംഘനത്തിന്റെ പേര് പറഞ്ഞ് നടപടിയെടുത്തു. പല തവണ ദ്രോഹിച്ചു. കുറവിലങ്ങാട്ടെ ആശ്രമത്തിലേയ്ക്കു മാറ്റം ചോദിച്ചു വാങ്ങി. എന്നാല്‍, ഇവിടെയെത്തിയും ബിഷപ്പ് പീഡിപ്പിച്ചതോടെയാണ് പരാതിയുമായി പൊലീസിനെ സമീപിച്ചത്. രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്ന് ഉറപ്പായതോടെ ഗതികെട്ടാണ് പരാതി നല്‍കിയത്”.

പൊലീസിന് നല്‍കിയ മൊഴിതന്നെ കന്യാസ്ത്രി രഹസ്യമൊഴിയിലും അവര്‍ത്തിച്ചതോടെ ബിഷപ്പിനെതിരായ തെളിവുകള്‍ കൂടുതല്‍ ശക്തമായി. ഈ സാഹചര്യത്തില്‍ ഉന്നത ഉദ്യോഗസ്ഥരെ തെളിവുകളെല്ലാം കാട്ടി ബോധ്യപ്പെടുത്തി തുടര്‍ നടപടികളിലേയ്ക്കു കടക്കുന്നതിനാണ് അന്വേഷണ സംഘം തയ്യാറെടുക്കുന്നത്.

അതിനിടെ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ പീഡനക്കേസിലെ നിര്‍ണായക തെളിവായ കന്യാസ്ത്രീയുടെ മൊബൈല്‍ ഫോണ്‍ കാണാതായി. ഫോണ്‍ നഷ്ടമായതായി കന്യാസ്ത്രീ അന്വേഷണസംഘത്തെ അറിയിച്ചു. ജലന്ധറിലായിരുന്ന കാലത്ത് ഉപയോഗിച്ചിരുന്ന ഫോണിലായിരുന്നു സന്ദേശങ്ങളെന്നാണ് ഇവര്‍ അറിയിച്ചിരുന്നു.

പുതിയ ഫോണ്‍ വാങ്ങിയതോടെ ജലന്ധറിലെ മഠത്തിലായിരുന്നു തെളിവടങ്ങിയ ഫോണ്‍ സൂക്ഷിച്ചിരുന്നത്. ഇത് ഇപ്പോള്‍ മുറിയില്‍ കാണാനില്ലെന്നാണ് കന്യാസ്ത്രീ പൊലീസിന് നല്‍കിയിട്ടുള്ള വിവരം. കേസില്‍ സുപ്രധാന തെളിവായ ഫോണ്‍ അപ്രത്യക്ഷമായതിന് പിന്നില്‍ ബാഹ്യശക്തികളുടെ ഇടപെടല്‍ ഉണ്ടെന്ന് കന്യാസ്ത്രീയും ബന്ധുക്കളും സംശയം പ്രകടിപ്പിച്ചിട്ടുണ്ട്.

ഇതിനിടെ ജലന്ധര്‍ കത്തോലിക്ക ബിഷപ്പിനെതിരായ പരാതിയില്‍ കന്യാസ്ത്രീയെയും പിന്തുണക്കുന്നവരെയും ഒറ്റപ്പെടുത്താന്‍ സഭാ നേതൃത്വം നീക്കം തുടങ്ങി. ചികില്‍സയടക്കം ചെലവിന് പണം തരില്ലെന്ന മുന്നറിയിപ്പുള്ള മദര്‍ സുപ്പീരിയര്‍ ജനറലിന്റെ കത്ത് പുറത്തായി. വിമത നീക്കത്തില്‍ നിന്ന് പിന്‍മാറണമെന്നും കത്തില്‍ ആവശ്യപ്പെടുന്നു. പിന്തുണച്ചാല്‍ നടപടിയെന്ന താക്കീതും കത്തിലുണ്ട്.