മദ്യപിച്ച് ലക്കുകെട്ട പിതാവ് മൂന്നുവയസ്സുകാരനെ ചുഴറ്റിയെറിഞ്ഞ് ഓട്ടോയില്‍ അടിച്ചു: ഞെട്ടിപ്പിക്കുന്ന വീഡിയോ

single-img
10 July 2018

ഹൈദരാബാദ്: മൂന്ന് വയസുകാരനായ മകനെ ഓട്ടോറിക്ഷയ്ക്ക് മേല്‍ ചുഴറ്റിയടിച്ച് അച്ഛന്റെ ക്രൂരത. മദ്യലഹരിയിലായിരുന്ന ശിവ ഗൗഡാണ് ഭാര്യയുമായുള്ള വഴക്കിനെ തുടര്‍ന്ന് മകനെ ചുഴറ്റിയെറിഞ്ഞത്. ഹൈദരാബാദിലെ ജഗദ്ഗിരിഗുട്ടയില്‍ ഞായറാഴ്ചയായിരുന്നു സംഭവം.

ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. കുഞ്ഞിനെ ക്രൂരമായി ഉപദ്രവിച്ചിട്ടും ഭര്‍ത്താവിനെതിരെ പരാതി നല്‍കാന്‍ ശിവ ഗൗഡിന്റെ ഭാര്യ തയ്യാറായില്ല. എന്നാല്‍ മര്‍ദ്ദന ദൃശ്യങ്ങള്‍ ഇവരുടെ അയല്‍വാസി പകര്‍ത്തിയിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെ പൊലീസ് സ്വമേധയ കേസെടുക്കുകയായിരുന്നു.

ഒരു മിനിറ്റോളമുള്ള വീഡിയോ ദൃശ്യമാണ് പുറത്തുവന്നത്. ദൃശ്യത്തില്‍ കുട്ടിയെ കാലില്‍ തൂക്കി തലകീഴായി പിടിക്കുന്നതിന്റെയും പിന്നീട് ചുഴറ്റി നിലത്തടിക്കുന്നതിന്റെയും ദൃശ്യങ്ങളാണുള്ളത്. ഇതിന് പുറമെ കൃത്യമായി പിടിക്കാതെ അങ്ങോട്ടുമിങ്ങോട്ടും ഓടുന്നുമുണ്ട്.

സ്ഥലത്ത് രണ്ട് സ്ത്രീകളും ഒരു പുരുഷനും ഇയാളെ തടഞ്ഞിരുന്നു. എന്നാല്‍ കുട്ടിയെ വിട്ടുകൊടുക്കാതെ ഇയാള്‍ ബലമായി പിടിച്ചുകൊണ്ടിരുന്നു. പിന്നീട് മറ്റൊരാള്‍ ഇയാളെ മര്‍ദ്ദിച്ച് വീഴ്ത്തുകയായിരുന്നു. സംഭവത്തിനു ശേഷം കുട്ടിയെ സമീപത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും തുടര്‍ന്ന് ചൈല്‍ഡ് ലൈനിനു കൈമാറുകയും ചെയ്തു. പ്രതിയായ ശിവഗൗഡ ഒളിവിലാണ്.