Latest News

ലോകം ഒരു മനസ്സോടെ കൈകോർത്ത പ്രയത്നത്തിനും പ്രാർഥനയ്ക്കും ശുഭാന്ത്യം; ആ 13 പേരും ജീവിതത്തിലേക്കു തിരിച്ചെത്തി

തായ്‌ലണ്ടിലെ താം ലുവാങ് നാം ഗുഹയില്‍ കുടുങ്ങിയ 12 കുട്ടികളും കോച്ചും സുരക്ഷിതരായി ജീവിതത്തിലേക്കു തിരിച്ചെത്തി. 17 ദിവസത്തെ ആശങ്കയ്ക്കും മൂന്നു ദിവസത്തെ അതിസാഹസികമായ രക്ഷാ ദൗത്യത്തിനും സമാപ്തിയായതോടെ സുവര്‍ണ ലിപികളില്‍ രേഖപ്പെടുത്തേണ്ട ചരിത്രമായി അതു മാറി.

12 കുട്ടികളും കോച്ചും സുരക്ഷിതരാണെന്ന് തായ് നേവി സീല്‍ യൂണിറ്റ് സ്ഥിരീകരിച്ചു. രക്ഷപ്പെട്ട കുട്ടികളെല്ലാം ആശുപത്രിയില്‍ ചികിത്സയിലാണുള്ളത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും അധികൃതര്‍ വ്യക്തമാക്കി.

തീവ്രരക്ഷാദൗത്യത്തിനിടെ, തായ് നാവികസേനാ മുൻ ഉദ്യോഗസ്ഥൻ സമൻ കുനോന്ത് (38) മരിച്ചതു നൊമ്പരമായി. ഗുഹയിൽ കുടുങ്ങിയ 13 പേർക്കായി ഓക്സിജൻ എത്തിച്ചശേഷം ആഴമേറിയ വെള്ളക്കെട്ടിലൂടെ മടങ്ങുംവഴി സ്വന്തം ശേഖരത്തിലെ ജീവവായു തീർന്നാണു നീന്തൽ വിദഗ്ധനായ സമൻ കുനോന്ത് മരിച്ചത്.

ജൂൺ 23നാണ് ഉത്തര തായ്‍ലൻഡിൽ താം ലുവാങ് ഗുഹയിൽ 12 കുട്ടികളും അവരുടെ ഫുട്ബോൾ പരിശീലകനും കയറിയത്. 11നും 16നും മധ്യേ പ്രായമുള്ളവരാണ് കുട്ടികൾ. ഇരുപത്തിയഞ്ചുകാരനാണു പരിശീലകൻ. ഇവർ കയറുന്ന സമയത്തു വെള്ളമുണ്ടായിരുന്നില്ല. ഗുഹയുടെ അകത്തുള്ളപ്പോൾ പെരുമഴ പെയ്തു വെള്ളം ഇരച്ചുകയറി.

ഗുഹാകവാടം ചെളിമൂടി. ചെളിയും മാലിന്യങ്ങളും ഗുഹയുടെ ഇടുങ്ങിയ ഭാഗങ്ങളിലും നിറഞ്ഞു. വെളിച്ചം മറഞ്ഞു. തുടർച്ചയായി മഴ പെയ്തതോടെ, 10 കിലോമീറ്റർ നീളമുള്ള, ചുണ്ണാമ്പുകല്ലു നിറഞ്ഞ ഗുഹയുടെ നാലു കിലോമീറ്റർ അകത്തെത്തി കുട്ടികൾ.

കുട്ടികളുടെ സൈക്കിൾ, ബാഗുകൾ, ഷൂസ് തുടങ്ങിയവ ഗുഹാമുഖത്തിനു സമീപം കണ്ട ചിയാങ് റായ് വനത്തിലെ റേഞ്ചർ വിവരമറിയിച്ചപ്പോഴാണു വിവരം മറ്റുള്ളവർ അറിഞ്ഞത്. കുട്ടികളുടെ മാതാപിതാക്കൾ മക്കളെ കാണാനില്ലെന്ന പരാതിയുമായി എത്തുകയും ചെയ്തതോടെ ഗുഹയ്ക്കുള്ളിൽ പെട്ടതാകാമെന്ന് ഉറപ്പായി. ഒൻപതു ദിവസം നീണ്ട അതീവ ശ്രമകരമായ ദൗത്യത്തിനൊടുവിൽ ബ്രിട്ടിഷ് കേവ് റെസ്ക്യൂ കൗൺസിൽ അംഗങ്ങളായ നീന്തൽ വിദഗ്ധർ ജോൺ വോളന്തെനും റിച്ചാർഡ് സ്റ്റാന്റനുമാണു കുട്ടികളെ കണ്ടെത്തിയത്. തൊട്ടടുത്ത നിമിഷം തായ്‍ലൻഡിലേക്കു ലോകം കാരുണ്യപൂർവം പാഞ്ഞെത്തി.

‘ബഡ്ഡി ‌‌ഡൈവിംഗി’ലൂടെയാണ് കുട്ടികളെ പുറത്തെത്തിച്ചത്. പതിനെട്ടംഗ മുങ്ങൽ വിദഗ്‌ദ്ധരുടെ സംഘമാണ് ഏറെ ശ്രമകരമായ ദൗത്യത്തിന് പിന്നിൽ പ്രവർത്തിച്ചത്.

ബ്രിട്ടൻ, യുഎസ്, ചൈന, മ്യാൻമർ, ലാവോസ്, ഓസ്ട്രേലിയ, ജപ്പാൻ, റഷ്യ, ഫിൻലൻഡ്, ഡെന്മാർക്ക്, സ്വീഡൻ, നെതർലൻഡ്സ്, ബെൽജിയം, ജർമനി, ചെക്ക് റിപ്പബ്ലിക്, യുക്രെയ്ൻ, ഇസ്രയേൽ തുടങ്ങിയ രാജ്യങ്ങളുടെ ഏകോപനമാണു രക്ഷാപ്രവർത്തനം വിജയമാക്കിയത്.

ആയിരത്തിനും ആയിരത്തി അഞ്ഞൂറിനും ഇടയിൽ സാങ്കേതിക വിദഗ്ധർ, ഡൈവർമാർ, ഗുഹാ വിദഗ്ധർ, മെഡിക്കൽ സംഘം, സന്നദ്ധ പ്രവർത്തകർ എന്നിവരടങ്ങുന്ന രക്ഷാപ്രവർത്തകരാണു രണ്ടാഴ്ചയിലേറെയായി ഗുഹാമുഖത്ത് കുട്ടികളെ രക്ഷിക്കാനായി പ്രവർത്തിച്ചത്.

റോയൽ തായ് നാവികസേനയുടെ ഭാഗമായ തായ് നേവൽ സീലുകളാണു നേതൃത്വം നൽകിയത്. ഗുഹയിലേക്കു മറ്റു പ്രവേശനമാർഗങ്ങളുണ്ടോ എന്നു കണ്ടുപിടിക്കാൻ ഡ്രോണുകളും റോബട്ടുകളും ഉപയോഗിച്ചു. എന്നാൽ, ഗുഹയ്ക്കുള്ളിലെ മനുഷ്യസാന്നിധ്യം കണ്ടെത്താൻ നേരിട്ടു പോവുകയല്ലാതെ മാർഗങ്ങളില്ലായിരുന്നു.

ബ്രിട്ടനിലെ ഡെർബിഷർ റെസ്ക്യൂ ഓർഗനൈസേഷനിൽനിന്നു കടം വാങ്ങിയ ഹേയ്ഫോൺ വിഎൽഎഫ് റേഡിയോകളുമായാണ് രക്ഷാപ്രവർത്തകർ ഗുഹയ്ക്കുള്ളിലേക്കു പോയത്.

ഞായറാഴ്ച ആരംഭിച്ച രക്ഷാ പ്രവർത്തനം പ്രതീക്ഷിച്ചതിലും നേരത്തെയാണ് ഫലം കണ്ടത്. ഒരിക്കലും ഇനി കാണില്ലെന്ന് കരുതിയ ഉറ്റവർക്കിടയിലേക്ക് വീണ്ടും അവർ തിരിച്ചെത്തുന്നത് തായ്ലാന്‍റിലെ മാത്രം കുട്ടികളായല്ല. ലോകത്തിന്റെയാകെ പ്രതീക്ഷയായാണ്