സംവിധായകനെ ‘അപമാനിക്കാന്‍’ അനുവദിക്കില്ല:സംവിധായകനെ മാറ്റി “നീലുവിനെ” സീരിയലില്‍ നിലനിര്‍ത്തുന്നതിനെതിരേ സംവിധായകരുടെ സംഘടന

single-img
9 July 2018

തിരുവനന്തപുരം:സംവിധായകനെ മാറ്റി നിഷയെ സീരിയലില്‍ നിലനിര്‍ത്തുന്നതിനെതിരേ സീരിയല്‍ സംവിധായകര്‍ ഉള്‍പ്പെടെയുള്ളവരുടെ സംഘടനയായ മലയാളം ടെലിവിഷന്‍ ഫ്രെറ്റേണിറ്റി.സംവിധായകനെ ‘അപമാനിക്കാന്‍’ അനുവദിക്കില്ല എന്നാണ് അവരുടെ നിലപാട്. ആവശ്യം തള്ളിയാല്‍ സംവിധായകര്‍ പണിമുടക്കുമെന്നാണു വിവരം.സംസ്ഥാന വനിതാ കമ്മിഷനും ഡബ്ല്യുസിസിയും നിഷയ്ക്കു വേണ്ടി ഇടപെട്ടതോടെ സംവിധായകരും കടുത്ത നിലപാടിലേക്ക് കടക്കുകയാണു.

ഉപ്പും മുളകിന്‍റെ സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണന്‍ തന്നോട് പലപ്പോഴും മോശമായി പെരുമാറിയിട്ടുണ്ടെന്നും പലതവണ താക്കീത് നല്‍കിയിട്ടും അയാള്‍ ആവര്‍ത്തിക്കുകയായിരുന്നുവെന്നും നിഷ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഫ്ലവേഴ്സ് ചാനലിന്റെ എം ഡി ശ്രീകണ്ഠന്‍ നായരോട് താന്‍ പലവട്ടം പരാതി പറഞ്ഞിട്ടുണ്ട്. അദ്ദേഹം സംവിധായകനെ ശാസിച്ചിരുന്നു. പക്ഷെ ഉണ്ണികൃഷ്ണന്‍ അതൊന്നും വകവെച്ചിരുന്നില്ലയെന്നും നിഷ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അതേസമയം, വിഷയത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടു. സംവിധായകനെതിരെ സ്വമേധയാ കേസ് എടുക്കാന്‍ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ നിര്‍ദേശം നല്‍കി. സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി) നിഷയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.