ജിഎന്‍പിസി ഗ്രൂപ്പ് ഡീലീറ്റ് ചെയാന്‍ എക്‌സൈസ് കമ്മീഷ്ണര്‍ ഫെയ്‌സ്ബുക്കിന് കത്ത് നല്‍കി;അഡ്മിനെ അറസ്റ്റ് ചെയ്തു

single-img
9 July 2018

ജിഎന്‍പിസി (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) ഡീലീറ്റ് ചെയാന്‍ എക്‌സൈസ് കമ്മീഷ്ണര്‍ ഋഷിരാജ് സിംഗ് ഫെയ്‌സ്ബുക്കിന് കത്ത് നല്‍കി.ഗ്രൂപ്പില്‍ മതവികാരം വ്രണപ്പെടുത്തുന്ന പോസ്റ്റുകള്‍ ഉള്ളതായി പൊലീസ് സ്ഥീകരിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് ഗ്രൂപ്പിന്റെ 38 അഡ്മിന്‍മാര്‍ക്ക് എതിരെയും കേസെടുക്കാന്‍ തീരുമാനിച്ചു.

മദ്യത്തിനൊപ്പം പിഞ്ചുകുഞ്ഞുങ്ങളുടെ ചിത്രവും വ്യാപകമായി ഗ്രൂപ്പില്‍ പ്രചരിപ്പിച്ചിട്ടുണ്ട്. ഇതിനു പുറമെ കുട്ടികളുടെ സാന്നിദ്ധ്യത്തില്‍ മദ്യപിക്കുന്ന ദൃശ്യങ്ങളും ഗ്രൂപ്പിലുണ്ടായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ജുവെനൈല്‍ ജസ്റ്റിസ് വകുപ്പ് പ്രകാരവും കേസെടുത്തു.

ഇതു കൂടാതെ ശവക്കല്ലറയ്ക്ക് മുകളില്‍ മദ്യം വച്ചുള്ള ചിത്രവും ജിഎന്‍പിസിയിലുണ്ടായിരുന്നതായി സൈബര്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് പൊതുസ്ഥലത്ത് മദ്യാപനത്തെ പ്രേത്സാഹിപ്പിക്കുന്നതായി അന്വേഷണ സംഘം വിലയിരുത്തുന്നു. ഇതിന്റെ പേരിലും കേസെടുക്കാന്‍ നീക്കമുണ്ട്.

ഇന്നലെ ജിഎന്‍പിസി ഗ്രൂപ്പ് അഡ്മിന്‍ നേമം കാരയ്ക്കാമണ്ഡപം ആമിവിളാകം സരസില്‍ അജിത് കുമാറിനെ (40) എക്‌സൈസ് അറസ്റ്റ് ചെയ്തിരുന്നു.ഗ്രൂപ്പിന്റെ പേരില്‍ മദ്യം വിറ്റുവെന്നതിന്റെ തെളിവുകള്‍ അജിത് കുമാറിന്റെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ലഭിച്ചതായാണ് സൂചന. ഇരുവര്‍ക്കുമെതിരെ അബ്കാരി നിയമപ്രകാരമുള്ള കേസുകള്‍ക്ക് പുറമെ പോലീസ് കേസും വരും.

ജി.എന്‍.പി.സിയുടെ പേരില്‍ അഡ്മിന്‍ അജിത് കുമാര്‍ സാമ്പത്തിക സമാഹരണം നടത്തിയിരുന്നതായി എക്‌സൈസ് ആരോപിച്ചു. നഗരത്തിലെ ഹോട്ടലുകളില്‍ കൂട്ടായ്മയുടെ പേരില്‍ ഇടയ്ക്കിടെ ഒത്തുചേരല്‍ നടത്തിയിരുന്നു. ഇതില്‍ പങ്കെടുക്കുന്നവര്‍ക്ക് നിശ്ചിത തുകയ്ക്കുള്ള കൂപ്പണ്‍ നല്‍കും. ഭക്ഷണത്തിനും മദ്യത്തിനുമുള്ള തുകയാണ് കൂപ്പണ്‍ വഴി ഈടാക്കുന്നത്. ബാര്‍ ഹോട്ടലുകളില്‍ നിന്ന് ഇത്തരം ഒത്തുചേരല്‍ സംഘടിപ്പിക്കുന്നതിന്റെ പേരില്‍ പണം വാങ്ങിയിരുന്നതായും എക്‌സൈസ് ആരോപിച്ചു.

ജിഎന്‍പിസി അംഗങ്ങള്‍ക്ക് ബാറുകളില്‍ നിരക്ക് ഇളവുണ്ടെന്ന വിവരം ലഭിച്ചതിന് പിന്നാലെയാണ് ഇവര്‍ക്കെതിരെ എക്‌സൈസ് അന്വേഷണം ആരംഭിച്ചത്. നിലവില്‍ കേരളത്തിലെ നൂറോളം ബാറുകളും ജിഎന്‍പിസി അംഗങ്ങള്‍ക്ക് നല്‍കുന്ന നിരക്ക് ഇളവുകള്‍ നല്‍കി വരുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബാറുകള്‍ നല്‍കുന്ന പ്രത്യേക ഓഫറുകളും ഗ്രൂപ്പില്‍ പ്രസിദ്ധീകരിക്കുന്നുമുണ്ട്.