ജലന്ധര്‍ ബിഷപ്പിനെതിരായ പീഡന പരാതി:കര്‍ദിനാളിന്റെയും പാലാ ബിഷപ്പിന്റെയും മൊഴിയെടുക്കും

single-img
9 July 2018

കോട്ടയം: ജലന്ധര്‍ ബിഷപ്പിനെതിരായ ബലാത്സംഗ പരാതിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മൊഴിയെടുക്കും. പാലാ ബിഷപ്പ്, കുറവിലങ്ങാട് പള്ളി വികാരി എന്നിവരുടെയും മൊഴിയെടുക്കും. പീഡന വിവരം കര്‍ദിനാള്‍ ആലഞ്ചേരിയെ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ നടപടികളൊന്നും ഉണ്ടായില്ലെന്ന് കന്യാസ്ത്രീ പറഞ്ഞിരുന്നു. കര്‍ദിനാളിന് നല്‍കിയ പരാതിയുടെ പകര്‍പ്പ് പൊലീസിന് കൈമാറിയിട്ടുണ്ട്.

കര്‍ദിനാളിനെ വ്യാഴാഴ്ച്ച ചോദ്യം ചെയാനാണ് സാധ്യത. ബലാത്സംഗ പരാതി അറിഞ്ഞിട്ടും മറച്ചുവച്ചതായി ഗുരുതര ആരോപണമാണ് കര്‍ദിനാളിന് നേരെയുള്ളത്. ഇത് ശരിയാണ് തെളിഞ്ഞാല്‍ ഇദ്ദേഹത്തിനെതിരെ അന്വേഷണ സംഘം നടപടിയെടുക്കാന്‍ സാധ്യതയുണ്ട്.

കുറുവിലങ്ങാട് പള്ളി വികാരി, പാലാ ബിഷപ്പ് എന്നിവര്‍ക്കാണ് കന്യാസ്ത്രീ ആദ്യം പരാതി നല്‍കിയത്. ഇവരുടെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ആലേഞ്ചരിക്ക് കന്യാസ്ത്രീ പരാതി കൊടുത്തത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവരെയും ചോദ്യം ചെയുമെന്ന് അന്വേഷണ സംഘം വ്യക്തമാക്കി.

അതേസമയം, പരാതി അറിയിച്ചിട്ടും കേസില്‍ ഇടപെടാതെ ഒഴിഞ്ഞ് മാറാനാണ് കര്‍ദിനാള്‍ ആലഞ്ചേരി ശ്രമിച്ചതെന്ന് കന്യാസ്ത്രീയുടെ ബന്ധുവായ ജലന്ധര്‍ വൈദികന്‍ ആരോപിച്ചിരുന്നു. ബിഷപ്പിന്റെ പെരുമാറ്റത്തെക്കുറിച്ച് ഒട്ടേറെ കന്യാസ്ത്രീകള്‍ പരാതി പറഞ്ഞിട്ടുണ്ടെന്നും രാത്രിയില്‍ അശ്ലീല സന്ദേശങ്ങള്‍ അയയ്ക്കുന്നതായി പരാതിയുണ്ടെന്നും വൈദികന്‍ വെളിപ്പെടുത്തി. പരാതികള്‍ പുറത്തു വരാത്തത് അധികാരികളോടുളള പേടിമൂലമാണ്. കുറവിലങ്ങാട്ടെ കന്യാസ്ത്രീയുടെ പരാതി ഒന്‍പത് വൈദികര്‍ക്കൊപ്പം രൂപതയില്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ രൂപതയില്‍ നിന്നോ സഭയില്‍ നിന്നോ നടപടി ഉണ്ടായില്ലെന്നും വൈദികന്‍ പറയുന്നു.

നാല്‍പ്പത്തിയാറുകാരിയായ കന്യാസ്ത്രീയെ മൂന്നുവര്‍ഷത്തിനിടെ 13 തവണ ലൈംഗിക, പ്രകൃതിവിരുദ്ധപീഡനങ്ങള്‍ക്ക് ഇരയാക്കിയെന്നാണു ജലന്ധര്‍ ബിഷപ്പിനെതിരായ പരാതി. 2014 മുതല്‍ 2016 വരെയുള്ള കാലത്ത് പീഡിപ്പിച്ചെന്നും എതിര്‍ത്തപ്പോള്‍ മാനസികമായി തകര്‍ക്കാന്‍ ശ്രമിച്ചെന്നും പരാതിയില്‍ പറയുന്നു.