നിര്‍ഭയ കേസില്‍ പ്രതികള്‍ക്ക് വധശിക്ഷ തന്നെ; പുന:പരിശോധനാ ഹര്‍ജികള്‍ തള്ളി

single-img
9 July 2018

വിധി പുനഃപരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് വ്യക്തമാക്കിയാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് ഹര്‍ജി തള്ളിയത്. കീഴ്‌ക്കോടതി വിധിയില്‍ യാതൊരു പിഴവുമില്ലെന്ന് സുപ്രീംകോടതി നിരീക്ഷിച്ചു.നിര്‍ഭയയുടെ മാതാപിതാക്കളും കോടതിയില്‍ ഹാജരായിരുന്നു.

നിലവില്‍ ശിക്ഷയനുഭവിക്കുന്ന നാലു പ്രതികളുടെ ഹര്‍ജിയില്‍ കോടതി വാദം കേട്ടിരുന്നു. കേസില്‍ ആറു പ്രതികളാണുണ്ടായിരുന്നത്. ഇതില്‍ ഒരാള്‍ക്ക് സംഭവസമയത്ത് പ്രായപൂര്‍ത്തി ആകാതിരുന്നതിനാല്‍ തടവുശിക്ഷ മാത്രമാണ് ലഭിച്ചത്.

മറ്റൊരാള്‍ ജീവനൊടുക്കി. മറ്റ് നാലു പ്രതികളായ അക്ഷയ്, പവന്‍, വിനയ് ശര്‍മ, മുകേഷ് എന്നിവരാണ് ഡല്‍ഹി ഹൈകോടതിയുടെ വധശിക്ഷക്കെതിരെ സുപ്രീംകോടതിയെ സമീപിച്ചിരുന്നത്.

2012 ഡിസംബര്‍ 16ന് 23കാരിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് ലോക മനസാക്ഷിയെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു.

ബലാത്സംഗം ചെയ്തതിന് പുറമേ ക്രൂരമായി മുറിവേല്‍പ്പിച്ചായിരുന്നു കുറ്റവാളികള്‍ കൊലപ്പെടുത്തിയത്. ആശുപത്രിയില്‍ 16 ദിവസം കിടന്ന ശേഷമായിരുന്നു പെണ്‍കുട്ടി മരണത്തിന് കീഴടങ്ങിയത്.