“നീലു”വിനു പിന്നാലെ ഉണ്ണികൃഷ്ണനെതിരെ പുതിയ ആരോപണങ്ങളുമായി നടി രചന നാരായണന്‍ കുട്ടി;മറിമായം സീരിയലില്‍ നിന്ന് തന്നെ പുറത്താക്കിയതും ഇത്തരത്തില്‍

single-img
9 July 2018

ഉപ്പും മുളകും സീരിയലിലെ നായിക നിഷ സാരംഗ് സംവിധായകന്‍ ഉണ്ണികൃഷ്ണനെതിരെ ഗുരുതര ആരോപണങ്ങളുമായി കഴിഞ്ഞ ദിവസം രംഗത്ത് വന്നിരുന്നു.ഇതിന് പിന്നാലെ നടി രചന നാരായണന്‍ കുട്ടിയും സംവിധായകന്‍ ഉണ്ണികൃഷ്ണനെതിരെ ആരോപണങ്ങളുമായി രംഗത്തെത്തിയിരിക്കുകയാണു.

“ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ സമയത്ത് അദ്ദേഹത്തിന് ചില ഈഗോ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. അതുകൊണ്ടാണ് മറിമായത്തിന്റെ അടുത്ത ഷെഡ്യൂള്‍ തൊട്ട് വരേണ്ടെന്ന് അദ്ദേഹം പെട്ടെന്ന് വിളിച്ച്‌ പറഞ്ഞു. എന്നെയും വിനോദ് കോവൂരിനെയും അങ്ങനെയാണ് പുറത്താക്കിയത്. ആ സമയത്ത് അത് ഭയങ്കര വിഷമം ഉണ്ടാക്കിയിരുന്നു”. രചന പറഞ്ഞു.

“സംവിധായകന്റെ പീഡനങ്ങളെ കുറിച്ച്‌ തുറന്നുപറഞ്ഞ നടി നിഷ സാരംഗിന് അമ്മ സംഘടനയുടെ പൂര്‍ണപിന്തുണയുണ്ടെന്ന് രചന പറഞ്ഞു. സംഭവം അറിഞ്ഞപ്പോള്‍ തന്നെ നിഷ ചേച്ചിയെ വിളിച്ചിരുന്നു. അമ്മ അംഗങ്ങള്‍ക്ക് വേണ്ടിയാണ് വിളിച്ച്‌ സംസാരിച്ചത്. എല്ലാവരുടെയും പിന്തുണ ചേച്ചിയ്ക്കുണ്ട്”. രചന പറഞ്ഞു.

ഉപ്പും മുളകിന്‍റെ സംവിധായകന്‍ ആര്‍ ഉണ്ണികൃഷ്ണന്‍ തന്നോട് പലപ്പോഴും മോശമായി പെരുമാറിയിട്ടുണ്ടെന്നും പലതവണ താക്കീത് നല്‍കിയിട്ടും അയാള്‍ ആവര്‍ത്തിക്കുകയായിരുന്നുവെന്നും നിഷ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടര്‍ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഫ്ലവേഴ്സ് ചാനലിന്റെ എം ഡി ശ്രീകണ്ഠന്‍ നായരോട് താന്‍ പലവട്ടം പരാതി പറഞ്ഞിട്ടുണ്ട്. അദ്ദേഹം സംവിധായകനെ ശാസിച്ചിരുന്നു. പക്ഷെ ഉണ്ണികൃഷ്ണന്‍ അതൊന്നും വകവെച്ചിരുന്നില്ലയെന്നും നിഷ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അതേസമയം, വിഷയത്തില്‍ സംസ്ഥാന വനിതാ കമ്മീഷന്‍ ഉള്‍പ്പെടെയുള്ളവര്‍ ഇടപെട്ടു. സംവിധായകനെതിരെ സ്വമേധയാ കേസ് എടുക്കാന്‍ കമ്മീഷന്‍ അധ്യക്ഷ എംസി ജോസഫൈന്‍ നിര്‍ദേശം നല്‍കി. സിനിമയിലെ വനിതാ കൂട്ടായ്മയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവ് (ഡബ്ല്യൂസിസി) നിഷയ്ക്ക് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.