സാക്ഷാല്‍ ശ്രീരാമന്‍ വിചാരിച്ചാലും പീഡനങ്ങള്‍ തടയാനാകില്ല: ബിജെപിയെ വെട്ടിലാക്കി സുരേന്ദ്രസിങ്

single-img
8 July 2018

സാക്ഷാല്‍ ശ്രീരാമന്‍ വിചാരിച്ചാലും പീഡനസംഭവങ്ങള്‍ തടയാനാകില്ലെന്ന് ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍എ സുരേന്ദ്രസിങ്. ഇക്കാര്യത്തില്‍ ഭരണഘടനക്കും കാര്യമായി ഒന്നും ചെയ്യാനില്ലെന്ന് സുരേന്ദ്രസിങ് പറഞ്ഞു. ഉന്നാവോയില്‍ യുവതിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ സംഭവത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടിയായാണ് എംഎല്‍എയുടെ വിവാദപരാമര്‍ശം.

”ശ്രീരാമന്‍ വിചാരിച്ചാലും ബലാത്സംഗസംഭവങ്ങള്‍ തടയാനാകില്ല. അത്തരം സംഭവങ്ങള്‍ സമൂഹത്തെ മലിനമാക്കുന്നു. സമൂഹത്തില്‍ ഉയര്‍ന്ന മൂല്യങ്ങള്‍ പ്രചരിപ്പിച്ചാല്‍ മാത്രമെ ഇതിനൊരു മാറ്റം വരൂ. രാജ്യത്തെ ഭരണഘടനക്കും ബലാത്സംഗസംഭവങ്ങളെ തടയാനാകില്ല. കുറ്റവാളികളെ അഴിക്കുള്ളിലാക്കാമെന്ന് മാത്രമെ ഉള്ളൂ”. സുരേന്ദ്രസിങ്ങ് പറഞ്ഞു.

എന്നാല്‍ പരാമര്‍ശം വിവാദമായതോടെ ഇതിനെ ന്യായീകരിച്ച് ഉത്തര്‍പ്രദേശ് ബിജെപി വക്താവ് രംഗത്തെത്തി. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയാന്‍ ഉയര്‍ന്ന മൂല്യങ്ങള്‍ വേണമെന്നാണ് അദ്ദേഹം ഉദ്ദേശിച്ചതെന്ന് രാകേഷ് ത്രിപതി വിശദീകരിച്ചു.